മണിയൻ പിള്ള രാജുവിനെ രക്ഷിക്കാൻ അട്ടിമറി ശ്രമമെന്ന് ആക്ഷേപം; കാറപകടത്തിൽ പോലീസിന് ഗുരുതര വീഴ്ച്ച

മണിയൻ പിള്ള രാജുവിൻ്റെ കാറും, ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് ശേഷം പോലീസ് നടപടികളിൽ ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. അപകടം ഉണ്ടാക്കിയ മണിയൻപിള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ല. കൂടാതെ രാത്രി നിർത്താതെ പോയ വാഹനം കണ്ടെത്താനുള്ള ശ്രമവും പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായില്ല. മദ്യപിച്ചിട്ടുണ്ടോ എന്ന വൈദ്യപരിശോധന 12 മണിക്കൂർ വൈകിയാണ് പോലീസ് നടത്തിയത്. ഇതോടെ കേസ് അട്ടിമറിക്കാൻ പോലീസ് കൂട്ടുനിന്നോ എന്ന ആക്ഷേപമാണ് ഉയരുന്നത്. 8 മണിക്കൂറിന് ശേഷമുള്ള വൈദ്യപരിശോധന കൊണ്ട് കാര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം, പോലീസിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്ന വിഷയം അന്വേഷിക്കുമെന്ന് കമ്മീഷണർ കെ കാർത്തിക് പറഞ്ഞു. വിശദമായ പരിശോധന നടത്തും. രാത്രി തന്നെ പോലിസ് വീട്ടിൽ എത്തിയിരുന്നു. എന്നാൽ കാർ കണ്ടില്ലെന്നും വീട് പൂട്ടിയ നിലയിലുമായിരുന്നുവെന്നും കെ കാർത്തിക് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ ഇക്കാര്യത്തിൽ രാജു മാധ്യമങ്ങളോട് പറഞ്ഞത് വിരുദ്ധമായാണ്. പൊലീസ് വീട്ടിൽ വന്നു തന്നെ കണ്ടുവെന്നും രോഗിയാണെന്ന് പറഞ്ഞെന്നുമാണ് രാജുവിന്റെ പ്രതികരണമുണ്ടായത്. ഭാര്യ വീട്ടിൽ ഒറ്റയ്ക്കാണ്. രാത്രി സ്റ്റേഷനിൽ വരേണ്ടെന്നും ഇന്ന് വന്നാൽ മതിയെന്നും പറഞ്ഞു തിരിച്ചു പോയെന്നും രാജു പറഞ്ഞിരുന്നു. ഇതോടെ കൃത്യസമയത്ത് വൈദ്യ പരിശോധന നടക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് പോലീസ് ചെയ്തത്.



