ഓപ്പറേഷൻ സിന്ദൂർ…. ഇന്ത്യൻ നിലപാട് വിശദീകരിക്കാൻ സർവകക്ഷി പ്രതിനിധി സംഘം സൗദി അറേബ്യയിൽ…

ഓപ്പറേഷൻ സിന്ദൂറിനെയും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാടിനെയും കുറിച്ച് വിശദീകരിക്കാൻ സർവകക്ഷി പ്രതിനിധി സംഘം സൗദി അറേബ്യയിലെത്തി. ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന സംഘമാണ് എത്തിയത്. സംഘത്തിൽ മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് ഉൾപ്പെട്ടിരുന്നെങ്കിലും കുവൈത്തിൽവെച്ച് ശാരീരിക സുഖമില്ലാതായതിനാൽ ഇന്ത്യയിേലക്ക് മടങ്ങി.

കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി കമ്മിറ്റി ചെയർമാൻ ഡോ. നിഷികാന്ത് ദുബെ എംപി (ബിജെപി), ദേശീയ വനിതാ കമീഷൻ മുൻ ചെയർപേഴ്സൺമാരും രാജ്യസഭ അംഗങ്ങളുമായ ഫാങ്‌നോൺ കൊന്യാക് എംപി (ബിജെപി), രേഖ ശർമ എംപി (ബിജെപി), അസദുദ്ദീൻ ഉവൈസി എംപി (എഐഎംഐഎം), ചണ്ഡി​ഗഢ് യൂനിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസിലറും രാജ്യസഭ അംഗവുമായ സത്നാം സിങ് സന്ധു എംപി, മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്ലൻഡ് എന്നിവിടങ്ങളിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ഹർഷ വർധൻ ശൃംഗള തുടങ്ങിയ സംഘത്തിലെ മറ്റ് അംഗങ്ങളും റിയാദിലെത്തിയിട്ടുണ്ട്.

വിമാനത്താവളത്തിൽ സൗദി ശൂറ കൗൺസിലിലെ സൗദി-ഇന്ത്യ ഫ്രണ്ട്ഷിപ്പ് കമ്മിറ്റി ചെയർമാൻ മേജർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഹർബി സംഘത്തെ വരവേറ്റു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജും സ്വീകരിക്കാനെത്തി. ബുധൻ, വ്യാഴം ദിവസങ്ങളിലായി റിയാദിൽ സൗദി രാഷ്ട്രീയ നേതൃത്വങ്ങളും ഗവൺമെൻറ് ഉദ്യോഗസ്ഥരും ചിന്തകരും ബിസിനസ്, മാധ്യമ പ്രതിനിധികളുമായി സംഘം ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും.

Related Articles

Back to top button