ആലപ്പുഴ-എറണാകുളം ട്രെയിനിൽ യാത്രക്കാരുടെ കൂട്ടയിടി..പുതിയ മെമു ആവശ്യപ്പെട്ട് പ്രതിഷേധവുമായി…

കൊല്ലത്തുനിന്ന് കോട്ടയം വഴിയുള്ള എറണാകുളം യാത്രയിലെ ദുരിതത്തിനു പുതിയ മെമു അനുവദിച്ചതിലൂടെ തൽക്കാലം പരിഹാരമായെങ്കിലും വലഞ്ഞ് ആലപ്പുഴയിൽനിന്നുള്ള യാത്രക്കാർ. ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രാദുരിതം പരിഹരിക്കാൻ റെയിൽവേ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധത്തിന് ഒരുങ്ങുകയാണു യാത്രക്കാർ.

രാവിലെ 7.25ന് ആലപ്പുഴയിൽനിന്നു പുറപ്പെടുന്ന ആലപ്പുഴ – എറണാകുളം മെമുവിലെ ക്രമാതീതമായ തിരക്ക് മൂലം യാത്രക്കാർ കുഴഞ്ഞുവീഴുന്നതും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതും പതിവാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.ദുരിതയാത്രകൾക്ക് അറുതി വരുത്താൻ രാവിലെ 16 ബോഗികളുള്ള മെമു അനുവദിക്കണമെന്നും കൊല്ലത്തുനിന്നു ജനശതാബ്ദിക്ക് ശേഷം ഒരു ട്രെയിൻ ആലപ്പുഴ വഴി പുതിയതായി അനുവദിക്കണം തുടങ്ങിയ നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ‘ഫ്രണ്ട്സ് ഓൺ റെയിൽസ്’ ഈ മാസം 22ന് രാവിലെ തുറവൂരിൽ പ്രതിഷേധ സംഗമം നടത്തും.

അരൂർ എംഎൽഎ ദലീമ ജോജോ, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശ്, ഫ്രണ്ട്സ് ഓൺ റെയിൽസ് ആലപ്പുഴ പ്രസിഡന്റ് ബിന്ദു വയലാർ, സെക്രട്ടറി നൗഷിൽ തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Back to top button