ആലപ്പുഴയിലെ നിദ ഫാത്തിമക്ക് എന്താണ് സംഭവിച്ചത്?.. ചോദ്യത്തിന് ഉത്തരം തേടി മാതാപിതാക്കള്‍.. സര്‍ക്കാര്‍ ഇടപെടണം…
മകൾ നഷ്ടമായി മൂന്ന് വർഷമായിട്ടും അവളുടെ മരണകാരണം തേടുകയാണ് ഒരച്ഛനും അമ്മയും. 2023ൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ അമ്പലപ്പുഴ സ്വദേശി നിദ ഫാത്തിമ എന്ന പത്ത് വയസുകാരി നാഗ്പൂരിൽ വെച്ചായിരുന്നു മരിച്ചത്.മഹാരാഷ്ട്ര പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും ദുരൂഹത നീക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. മകൾക്ക് എന്ത് സംഭവിച്ചുവെന്ന് ചോദ്യത്തിന് ഉത്തരം തേടുകയാണ് അവർ. 2023 ഡിസംബറിൽ ദേശീയ സബ് ജൂനിയർ സൈക്കിൾപോളോ ചാമ്പ്യൻഷിപ്പിന് നാഗ്‍പുരിലെത്തിയ കേരള ടീം അംഗമായിരുന്നു പത്ത് വയസുകാരി നിദാ ഫാത്തിമ. ഛർദിയെത്തുടർന്ന് നാഗ്പുരിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ പിന്നീട് അരിഞ്ഞത് നിദ മരിച്ചു എന്ന വാർത്തയാണ്.
ശ്വാസകോശത്തിലെ വെള്ളക്കെട്ടും ഹൃദയഭിത്തികളിലെ തടിപ്പും കുടലിലെ തടസ്സവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതെങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ച് പരാമർശമില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലത്തിന്‍റെ വിവരങ്ങൾ കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. നാഗ്പൂർ പൊലീസിന്‍റെ കേസന്വേഷണവും നിലച്ചമട്ടാണ്.അന്വേഷണ പുരോഗതി അറിയാൻ പിതാവ് ഷിഹാബ് ഒന്ന് രണ്ട് തവണ നാഗ്പൂർവരെ പോയി. ഇടയ്ക്കിടെ വീണ്ടും അവിടെ വരെ പോകാൻ ഓട്ടോ ഡ്രൈവർ ആയ ഷിഹാബിന്‍റെ നിലവിൽ ഉള്ള സാമ്പത്തിക സാഹചര്യം അനുവദിക്കുന്നില്ല. തുടക്കത്തിൽ ഒപ്പം ഉണ്ടായിരുന്ന സൈക്കിൾ പോളോ അസോസിയേഷനും കയ്യൊഴിഞ്ഞമട്ടാണ്. സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപ സഹായധനം നൽകി. സൈക്കിൾ പോളോ അസോസിയേഷൻ പ്രഖ്യാപിച്ച തുകയിൽ ബാക്കി കൂടി ലഭിച്ചാൽ നിദയുടെ കുടുംബത്തിന് ഈ വാടക വീട്ടിൽ നിന്ന് സ്വന്തമായൊരു വീട്ടിലേക്ക് മാറാം. നഷ്ടപ്പെട്ടതിന് പകരമാകില്ലെങ്കിലും അവളുടെ ആഗ്രഹം സഫലീകരണമാകും ആ വീട്.