ഹൈബ്രിഡ് കഞ്ചാവ് കേസിൽ ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും.. എക്സൈസിന്റെ നീക്കത്തിന് പിന്നിൽ…
ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബിഗ് ബോസ് ജേതാവ് ജിന്റോയെ ഇന്ന് എക്സൈസ് സംഘം ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് നേരത്തേ തന്നെ അന്വേഷണ സംഘം ജിന്റോക്ക് നോട്ടീസ് നൽകിയിരുന്നു. സിനിമ മേഖലയിലെ നിർമ്മാണ സഹായി ജോഷിയേയും ഇന്ന് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനുമായി ഇരുവർക്കുമുള്ള ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താനാണ് എക്സൈസ് സംഘത്തിന്റെ നീക്കം.
ഇന്നലെ വിളിച്ചു വരുത്തിയ നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിലവിൽ കഞ്ചാവ് കേസുമായി ബന്ധമില്ലെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. എന്നാൽ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്മാരെ വീണ്ടും ചോദ്യം ചെയ്തേക്കും. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷൈൻ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ പറഞ്ഞു. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് നടനെ മാറ്റി. തസ്ലീമ സുൽത്താനയുമായി നടത്തിയിട്ടുള്ള ഇടപാട് ലഹരിക്ക് വേണ്ടിയുള്ളതല്ലെന്ന് എക്‌സൈസ് വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പ്രതി തസ്ലീമയും മോഡൽ സൗമ്യയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിൽ നിന്നുൾപ്പെടെ നിരവധി ആളുകൾക്ക് അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇന്നലെ എക്സൈസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായതോടെയാണ് മോഡൽ സൗമ്യ വാർത്തകളിൽ നിറഞ്ഞത്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലിമ സുൽത്താനുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെ എക്സൈസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. തസ്ലീമയും സൗമ്യയുമായുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാൽ, തസ്ലീമയുമായുള്ളത് ലഹരി ഇടപാടല്ല, ലൈംഗികഇടപാടെന്ന് സൗമ്യ മൊഴി നൽകി എന്ന തരത്തിലും വാർത്തകൾ പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സൗമ്യ ഇത്തരം വാർത്തകൾ നിഷേധിക്കുകയും ചെയ്തു.