ഓണത്തിന് വീട്ടിലെത്തി ഇനി ക്രിസ്തുമസിന് വരാമെന്ന് മുത്തച്ഛന് വാക്കു നൽകിപ്പോന്നു…ദേവാനന്ദിന്റെ സംസ്‌ക്കാരം പാലാ മറ്റക്കരയിലെ വീട്ടിൽ നാളെ ഉച്ചയ്ക്ക്…
ആലപ്പുഴ: ആലപ്പുഴയിലെ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പാലാ സ്വദേശി.
കോട്ടയം സ്വദേശിയായ ദേവാനന്ദിന്റെ പിതാവിന്റെ വീട് പാലായിലാണ്. വിദ്യാര്‍ത്ഥിയുടെ സംസ്‌കാരം പാലായിലെ വീട്ടുവളപ്പില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. പത്ത് വര്‍ഷമായി മലപ്പുറം കോട്ടക്കലിലാണ് മരിച്ച ദേവാനന്ദും കുടുംബവും താമസിച്ചിരുന്നത്.
പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ആംബുലന്‍സില്‍ വീട്ടിലേക്ക് എത്തിക്കും. പാലാ മറ്റക്കരയിലെ വീട്ടില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സംസ്‌കാരം.
ഓണത്തിന് വീട്ടില്‍ വന്നുപോയ ദേവാനന്ദ് ഇനി ക്രിസ്മസ് അവധിക്ക് വരാമെന്ന് പറഞ്ഞാണ് തിരികെ പഠനത്തിനായി പോയതെന്ന് ദേവാനന്ദിന്റെ മുത്തച്ഛന്‍ നാരായണപിള്ള പറഞ്ഞു. അപകടവിവരം കോട്ടക്കലിലും കോട്ടയത്തുമുള്ള ബന്ധുക്കള്‍ തിങ്കളാഴ്ച രാത്രിയാണ് അറിഞ്ഞത്.
ടെലിവിഷന്‍ വാര്‍ത്ത വഴിയാണ് ദേവാനന്ദിന്റെ മാതാപിതാക്കള്‍ അപകടവിവരമറിഞ്ഞത്. മരണവിവരമറിഞ്ഞയുടനെ മാതാപിതാക്കള്‍ കോട്ടയത്തേക്ക് പോയിരുന്നു.
അധ്യാപകനാണ് ദേവാനന്ദിന്റെ അച്ഛന്‍. ജിഎസ്ടി ഓഫീസിലാണ് അമ്മ ജോലിചെയ്യുന്നത്. മികച്ച പഠനനിലവാരം പുലര്‍ത്തിയരുന്ന ദേവാനന്ദിനെയും സഹോദരനേയും പലതവണ ആദരിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ രാവിലെ പതിനൊന്നരയോടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വച്ചു.
ആരോഗ്യമന്ത്രി വീണാ ജേര്‍ജ്, മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ്, എംഎല്‍എ ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. നൂറ് കണക്കിനാളുകളാണ് പ്രിയപ്പെട്ട വിദ്യാര്‍ഥികളെ അവസാനമായി ഒരുനോക്കുകാണാനായി എത്തിയത്.
അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനിടെ നിയന്ത്രിക്കാനാവാതെ മന്ത്രി വീണാ ജോര്‍ജ് വിതുമ്പി. ഒന്നരമാസം മുന്‍പാണ് വിദ്യാര്‍ഥികളായ ദേവനന്ദന്‍, ശ്രീദേവ് വല്‍സന്‍, ആയുഷ് ഷാജി, പിപി മുഹമ്മദ് ഇബ്രാഹിം മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പഠിക്കാനായി എത്തിയത്.
ഇതിനിടെ തന്നെ കോളജിലെ മറ്റ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയുമെല്ലാം പ്രിയപ്പെട്ടവരായി ഇവര്‍ മാറിയിരുന്നു. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനിടെ പലരും വിങ്ങിപ്പൊട്ടി. അവസാനമായി മക്കളെ ഒരുനോക്ക് കാണാനെത്തിയ മാതാപിതാക്കളുടെ വേദന എല്ലാവരുടെ കരളലയിപ്പിക്കുന്നതായിരുന്നു.
ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. കോട്ടയം പൂഞ്ഞാര്‍ സ്വദേശി ആയുഷിന്റെ സംസ്‌കാരം കുടുംബ വീടായ ആലപ്പുഴ കാവാലത്ത് നാളെ രാവിലെ 10ന് നടത്തും.