പ്രതിയുടെ മതം നോക്കി വർഗീയത പറയുകയാണ്… ഒരു സീനിലും ഇല്ലാത്ത എന്നെ ഇതിലേക്ക് കൊണ്ടുവന്നതെന്തിന്?..ചിത്രപ്രിയയുടെ കൊലപാതകത്തിൽ…

എറണാകുളത്ത് മലയാറ്റൂരിലെ 19 കാരി ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത തന്റെ പേരിൽ വർ​ഗീയ പരാമർശങ്ങൾ നടത്തുന്നതിനെതിരെ നിയമപരമായി നീങ്ങുമെന്ന് അലൻ ഷുഹൈബ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത അലൻ ഷുഹൈബി​ന്റെ പേരിൽ വർഗീയ പ്രചാരണങ്ങൾ നടക്കുന്നത്. പ്രതിയായ അലന് പകരം അലൻ ഷുഹൈബിന്റെ പേര് പരാമർശിച്ചാണ് വർഗീയ- വിദ്വേഷ പ്രചാരണം നടക്കുന്നത്.

‘ചിത്രപ്രിയയെ കൊന്നവന്റെ പേര് അലൻ എന്ന് കേട്ടപ്പോൾ ഈ ക്രൂരൻ ക്രിസ്ത്യാനിയാണെന്ന് നിങ്ങൾ സംശയിച്ചുകാണും. എന്നാൽ ആ പേരിന്റെ കൂടെ ഷുഹൈബ് എന്നൊരു ഭാഗം കൂടിയുണ്ട്. അലൻ ഷുഹൈബ് എന്നാണ് ആ ജിഹാദിയുടെ പേര്’- എന്നാണ് വിദ്വേഷ പ്രചാരണം.

‘ഒരാളുടെ കൊലപാതകത്തിന്റെ അന്വേഷണം നീതിയുക്തമായി നടത്തണമെന്നും പ്രതിയ്ക്ക് ശിക്ഷ നൽകണമെന്നും ആവശ്യപ്പെടുന്നതിന് പകരം ഇവിടെ പ്രതിയുടെ മതം നോക്കി വർഗീയത പറയുകയാണെന്ന് അലൻ ഷുഹൈബ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഒരു സീനിലും ഇല്ലാത്ത തന്നെ ഇതിലേക്ക് കൊണ്ടുവന്നതിന്റെ പേരാണ് വർഗീയത’.

‘ഇവ കേരളത്തിലും ഇന്ത്യയിലുമുള്ള വർഗീയ ആക്രമണങ്ങളുടെ പല ഉദാഹരണങ്ങളിൽ ഒന്നുമാത്രം. കേരളത്തിലെ ആഭ്യന്തര വകുപ്പ് ഇതിനെയും ഒരു ഒറ്റപ്പെട്ട സംഭവമെന്ന് പറയുമായിരിക്കും. എന്നാലും ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്’- അലൻ ഷുഹൈബ് വ്യക്തമാക്കി.

അതേസമയം, ചിത്രപ്രിയയുടെ സുഹൃത്ത് അലനാണ് കേസില്‍ അറസ്റ്റിലായത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. കൃത്യത്തില്‍ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനൊപ്പം കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.

Related Articles

Back to top button