ഇന്നാണ് പറ്റിയ ദിവസം..’അര്‍ജുന്‍റെ അമ്മയുടെ സമ്മതത്തോടെ ആ ദൗത്യം ഏറ്റെടുക്കുകയാണ്..’
കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ ഓര്‍ക്കാത്തവരായി ആരുമില്ല. അര്‍ജുന്‍റെ മുഖം അത്രമേൽ മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞിരുന്നു. ഷിരൂരിൽ രണ്ടുമാസത്തിലധികം നീണ്ട ദൗത്യത്തിനൊടുവിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെടുത്തതോടെയാണ് എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായത്. അര്‍ജുന്‍റെ വേര്‍പാട് കുടുംബത്തിനെന്നപോലെ മലയാളികളെയും ഏറെ വിഷമിപ്പിച്ചു.
അര്‍ജുനെ കണ്ടെത്താൻ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തിയ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് ആ ദൗത്യത്തെക്കുറിച്ച് പുസ്തകമെഴുതുകയാണ്. അര്‍ജുന്‍റെ ജീവനെടുത്ത ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം തികയുമ്പോള്‍ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പോടെയാണ് എകെഎം അഷ്റഫ് ഇക്കാര്യം പങ്കുവെക്കുന്നത്. ഇന്നലെ അര്‍ജുന്‍റെ വീട്ടിൽ പോയി കുടുംബാംഗങ്ങളെ കണ്ടുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ എകെഎം അഷ്റഫ് പറയുന്നുണ്ട്.
ഒരിക്കലും മറക്കാനാവാത്ത 71 ദിവസങ്ങളുടെ ഓര്‍മകളുമായി ഒരു പുസ്തകം എഴുതുകയാണെന്ന് എകെഎം അഷ്റഫ് പറഞ്ഞു. എഴുത്തും വായനയും ഏറെ ഇഷ്ടമുള്ള അർജുന്‍റെ അമ്മയുടെ സമ്മതത്തോടെയാണ് ഈ ദൗത്യം ഏറ്റെടുത്തതെന്നും എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എകെഎം അഷ്റഫ് പറഞ്ഞു. അര്‍ജുന്‍റെ ഓര്‍മകള്‍ക്ക് മരണമില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.