യോഗി ആദിത്യനാഥിന്റെ വസതിക്കു താഴെ ശിവലിംഗം.. ഖനനം നടത്താൻ…
ഉത്തർപ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു താഴെ ശിവലിംഗമുണ്ട്. അവിടെ ഖനനം നടത്തണമെന്ന് സമാജ്‌വാദി പാർട്ടി(എസ്പി) നേതാവ് അഖിലേഷ് യാദവ്. സംഭലിൽ നടക്കുന്ന ഖനന പ്രവൃത്തികളിൽ വിമർശനമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.എസ്പി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. ”സംഭലില്‍ ഖനന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിക്കു താഴെയും ശിവലിംഗമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ശിവലിംഗമുണ്ടെന്ന വിശ്വാസമുണ്ട്. ആ സ്ഥലത്ത് ഖനനം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം. ആദ്യം മാധ്യമങ്ങൾ അവിടെ പോയി നോക്കണം. അതിനുശേഷം ഞങ്ങളും വരാം.”-ചിരികൾക്കിടെ അഖിലേഷ് പറഞ്ഞു. സംഭലിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഖനന പ്രവൃത്തികൾ ആരംഭിച്ചിട്ട് ഒൻപത് ദിവസം പിന്നിടുകയാണ്. പുരാതനമായ കിണറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായി കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം സംഭലിലെ ചന്ദൗസി നഗരസഭാ അധികൃതർ അറിയിച്ചിരുന്നു.