‘എകെജി സെന്റര്‍ ഉദ്ഘാടനം പഞ്ചാംഗത്തിൽ പറയുന്ന പത്താമുദയത്തിൽ’..ഉദ്ഘാടന വിവാദത്തിൽ മറുപടിയുമായി പിണറായി…
പുതിയ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പത്താമുദയത്തിലാണെന്ന ആരോപണങ്ങൾക്കും വിവാദങ്ങൾക്കും മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും സൗകര്യം ഉള്ള ഒരു സമയം തീരുമാനിക്കുകയാണ് ചെയ്തതെന്ന് പിണറായി വിശദീകരിച്ചു. പഞ്ചാംഗം നോക്കി പ്രത്യേകത കണ്ടുപിടിച്ചാണ് ചിലർ ഉദ്ഘാടന ദിനം വിവാദമാക്കിയത്. അതൊന്നും ഏശുന്ന പാർട്ടിയല്ല സിപിഎം എന്ന് പിണറായി പറഞ്ഞു.വിശേഷ ദിവസം നോക്കിയാൽ ലോക പുസ്തക ദിനവും ഷേക്സ്പിയറുടെ ചരമദിനവും ആണ്. ഏപ്രിൽ 23-നാണ് കുഞ്ഞമ്പു രക്തസാക്ഷിയാകുന്നത്. ഈ പ്രത്യേകതകൾ ഒന്നും ആലോചിച്ചല്ല ഉദ്ഘാടനം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ എകെജി സെന്റര്‍ കെട്ടിടത്തിന് മുന്നിലായി കോടിയേരി ബാലകൃഷ്ണൻ മുൻകയ്യെടുത്ത് വാങ്ങിയയ 36 സെന്റിൽ പടുത്തുയർത്തിയ കെട്ടിടത്തിലേക്കാണ് പാർട്ടി ആസ്ഥാനം മാറുന്നത്. രാജ്യത്തെ ഒരേ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പാർട്ടി ആസ്ഥാനം ഇന്ന് തുറന്നുകൊടുത്തു
9 നില കെട്ടിടമാണ് പണിതിരിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി അടക്കം മുതിർന്ന നേതാക്കൾ മന്ത്രിമാർ ഘടകക്ഷി നേതാക്കൾ എന്നിവരെല്ലാം ഉദ്ഘാടന ചടങ്ങിനെത്തി. പണി തീർത്ത് പുതിയ കെട്ടിടത്തിലേക്ക് പാർട്ടി ആസ്ഥാനത്തിന്റെ പ്രവർത്തനം പൂർണ്ണമായി മാറാൻ ഇനിയും ദിവസങ്ങളെടുക്കും. പത്താമുദയത്തിൽ പാലുകാച്ചി പുതിയ വീട്ടിൽ താമസം തുടങ്ങിയാൽ ഐശ്വര്യം വന്നു നിറയും എന്നാണ് വിശ്വാസം