സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതൃമാറ്റം.. ജില്ലാ സെക്രട്ടറിയായി.. ഒപ്പം 6 പുതുമുഖങ്ങൾ…

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതൃമാറ്റം. രാജു എബ്രഹാമിനെ സിപിഐഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി പാനലിൽ ആറ് പേരെ പുതുതായി ഉൾപ്പെടുത്തി. മൂന്ന് ടേം പൂർത്തിയായ നിലവിലെ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ഒഴിവിലേക്കാണ് ,സംസ്ഥാന സമിതി അംഗമായ രാജു എബ്രഹാം എത്തുന്നത്. കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായ റാന്നിയിൽ 25 വർഷം എംഎൽഎയായിരുന്നു രാജു എബ്രഹാം. കൂടുതൽ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ എതിരില്ലാതെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് രാജു എബ്രഹാമിനെ തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിഡി ബൈജു, പി ബി ഹർഷകുമാർ എന്നിവരുടെ പേരുകളും ജില്ലാ സെക്രട്ടറി പരിഗണന പട്ടികയിൽ ഉണ്ടായിരുന്നു.

അതിനിടെ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശ്രീധരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. കൊടുമൺ ഓട വിഷയത്തിൽ മന്ത്രി വീണാ ജോർജ്ജിൻ്റെ ഭർത്താവിനെതിരെ കെ കെ ശ്രീധരൻ പ്രസ്താവന നടത്തിയിരുന്നു.മുതിർന്ന ചില നേതാക്കൾ ഒഴിവായി പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റി പാനലിൽ 6 പുതുമുഖങ്ങളെയാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. 35 അംഗ ജില്ലാ കമ്മിറ്റിയിൽ നിന്ന് ആറുപേരെ പുതുതായി ഉൾപ്പെടുത്തി. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി ആന്റണി ജില്ലാ കമ്മിറ്റിയിൽ ഉണ്ട്. ഫ്രാൻസിസിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് തിരുവല്ല ജില്ലാ സെക്രെട്ടറിയേറ്റിന്റെ ഭാഗത്ത് നിന്നടക്കം എതിർപ്പുകൾ ഉയർന്നിരുന്നു എന്നാൽ അതൊന്നും വകവെക്കാതെയാണ് സംസ്ഥാന നേതൃത്വം ഫ്രാൻസിസ് വി ആന്റണിയെ വീണ്ടും കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

Related Articles

Back to top button