അജിത്കുമാറിന്റെ ക്ലീൻചിറ്റ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ…
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെയാണെന്ന രേഖകള്‍ പുറത്ത്. ആഭ്യന്തര വകുപ്പിന് വിജിലന്‍സ് കൈമാറിയ രേഖയാണ് പുറത്തുവന്നത്. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടെന്ന് രേഖയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 16-നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് കൈമാറിയത്.
അജിത്കുമാറിനെതിരെ അന്വേഷണം നടത്തി വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ചിറ്റ് നേരത്തെ വിജിലന്‍സ് കോടതി തള്ളിയിരുന്നു. അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജു നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാര്‍ സമര്‍പ്പിച്ച ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചു. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വിലയിരുത്തിയ കോടതി ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തള്ളുകയായിരുന്നു. ഓഗസ്റ്റ് 14-നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് വിജിലന്‍സ് കോടതി തള്ളിയത്.