അജിനാരായണൻ നമ്പൂതിരി ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേൽശാന്തി

മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേൽശാന്തിയായി കല്ലംമ്പള്ളിൽ ഇല്ലം അജിനാരായണൻ നമ്പൂതിരിയെ (39) നറുക്കെടുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മറ്റംവടക്ക് കല്ലംമ്പള്ളിൽ ഇല്ലത്ത് കെ.ഇ.നാരായണൻ നമ്പൂതിരിയുടേയും സരസ്വതിദേവിയുടേയും മകനാണ്. ഹരിപ്പാട് പെരുമ്പഇല്ലം എ.ആര്യദേവി അന്തർജനമാണ് ഭാര്യ. അഗ്നിവേശ് എ.നമ്പൂതിരി, അഗ്നിദേവ് എ.നമ്പൂതിരി എന്നിവർ മക്കളാണ്. ചിങ്ങം ഒന്നിന് തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തിയായി അവരോധിക്കും. സെപ്തംബർ ഒന്ന് മുതൽ അജിനാരായണൻ നമ്പൂതിരി പൂജകൾ ചെയ്തു തുടങ്ങും. നിലവിലെ പുറപ്പെടാ മേൽശാന്തി കെ.വി.ഗോവിന്ദൻ നമ്പൂതിരി ആഗസ്റ്റ് 31ന് പടിയിറങ്ങും.

എല്ലാം ചെട്ടികുളങ്ങര ഭഗവതിയുടെ തീരുമാനമാണെന്നും, അമ്മയുടെ അനുഗ്രഹമാണ് ദേവിയുടെ പാദപൂജ ചെയ്യാൻ അവസരം സിദ്ധിക്കാൻ കാരണമെന്നും നിയുക്ത ചെട്ടികുളങ്ങര ദേവീക്ഷേത്ര മേൽശാന്തി അജി നാരായണൻ നമ്പൂതിരി പ്രതികരിച്ചു. രാവിലെ പതിവുപോലെ ഉലച്ചിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശാന്തി കഴിഞ്ഞ് ഇല്ലത്ത് മടങ്ങിയെത്തിയ ശേഷം മഠത്തിലെ തേവാരത്തിൽ ഇരിക്കുമ്പോളാണ് ഫോണിലൂടെ അമ്മയുടെ കടാക്ഷം ലഭിച്ച വാർത്ത അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പുറപ്പെടാ മേൽശാന്തി നിയമനം വരുന്നതിന് മുമ്പ് 20 വർഷത്തോളം ചെട്ടികുളങ്ങര ദേഴീക്ഷേത്രത്തിൽ മേൽശാന്തിയായിരുന്ന മുത്തച്ഛൻ നാരായണൻ നമ്പൂതിരിയും 2015-16 കാലയളവിൽ പുറപ്പെടാ മേൽശാന്തിയായിരുന്ന ഇളയച്ഛൻ ജി.വാമനൻ നമ്പൂതിരിയും പുജ ചെയ്ത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നിയോഗമാണെന്നും അജി നാരായണൻ പറഞ്ഞു.

2021-2024 കാലയളവിൽ അജി നാരായണൻ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്നു. 13ാം വയസ്സിൽ പിതാവിനോടൊപ്പം ദേവിയുടെ ജീവത എഴുന്നള്ളിച്ചു തുടങ്ങിയതാണ്. എല്ലാ വർഷവും പറയെഴുന്നള്ളത്തിനും വിശേഷങ്ങൾക്കും ഇത് മുടങ്ങാതെ തുടരുന്നു. മേൽശാന്തി നിയമനത്തിന് അപേക്ഷിച്ച ആദ്യ അവസരത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്നത് ദേവീപ്രീതി ഒന്നുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറയുന്നു. 2006ൽ തൃക്കാരിയൂർ ക്ഷേത്രത്തിലാണ് ശാന്തിയായി പ്രവേശിക്കുന്നത്. പിന്നീട് വെള്ളംകുളങ്ങര, എരുവ, കണ്ടിയൂർ കീർത്തിപുരം ക്ഷേത്രങ്ങളിൽ മേൽശന്തിയായി. ഇപ്പോൾ ഉലച്ചിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 5 പേരുകളാണ് ഇന്നലെ നടന്ന പുറപ്പെടാ മേൽശാന്തി നറുക്കെടുപ്പിൽ നറുക്കിട്ടത്. അഞ്ചുപേരുടെ പേരുകൾ ഒരു വെള്ളികുടത്തിലും മറ്റൊരു വെള്ളികുടത്തിൽ ഒന്നുമെഴുതാത്ത നാല് പേപ്പറുകളും മേൽശാന്തി എന്നെഴുതിയ ഒരു പേപ്പറും ചുരുട്ടി ഇട്ടായിരുന്നു നറുക്കെടുപ്പ്. ആദ്യ നാലുപേരുകാരുടെയും പേരുകൾ എടുത്തപ്പോൾ കൂടെ എടുത്തത് ഒന്നും എഴുതാത്ത പേപ്പറുകളായിയിരുന്നു. അവസാനത്തെ പേരുകാരനായി അജിയുടെ പേരിനൊപ്പമാണ് അടുത്ത വെള്ളിക്കുടത്തിൽ നിന്ന് ചെട്ടിക്കുളങ്ങര മേൽശാന്തി എന്ന് എഴുതിയ പേപ്പർ നറുക്കെടുത്തത്.

ഇന്ന് ഉച്ചയ്ക്ക് 12.30ന് ക്ഷേത്ര നടയിൽ നടന്ന നറുക്കെടുപ്പിൽ ചവറ മേനാമ്പള്ളി പടിപ്പുര വീട്ടിൽ രാജീവ് ശ്രുതി ദമ്പതിമാരുടെ മകൾ അഞ്ചുവയസുകാരി ആദിത്യയാണ് നറുക്ക് എടുത്തത്. ചെട്ടിക്കുളങ്ങര ക്ഷേത്രം തന്ത്രി പ്ലാക്കുടിഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നറുക്കെടുപ്പിന് മുന്നോടിയായി പ്രത്യേക പൂജ നടന്നു. നറുക്കെടുപ്പ് നടപടി ക്രമങ്ങൾ ദേവസ്വം കമ്മീഷണർ ബി.സുനിൽകുമാർ, ഡെപ്യൂട്ടി കമ്മീഷണർ ഇൻചാർജ്ജ് അഖിൽ.ജി.കുമാർ, അസി.കമ്മീഷണർ എസ്.സുഷമ്മ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജശ്രീ ഗണേശ്, വിജിലൻസ് ഓഫീസർ എസ്.സുചീഷ്കുമാർ എന്നിവർ നിയന്ത്രിച്ചു. ക്ഷേത്ര അവകാശികളായ 13 കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റ് പ്രസിഡൻ്റ് ബി.ഹരികൃഷ്ണൻ, സെക്രട്ടറി എം.മനോജ്കുമാർ, മറ്റ്ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button