എയർ ഇന്ത്യ വിമാനാപകടം…മരിച്ച പൈലറ്റുമാർക്ക് കുറ്റപ്പെടുത്തൽ….അന്വേഷണം നടത്തണമെന്ന് പൈലറ്റിൻ്റെ പിതാവ്….
അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അപകടത്തിൽപെട്ട എഐ -171 വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് 88-കാരനായ പുഷ്കരാജ് സബർവാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സാണ് രണ്ടാം ഹർജിക്കാർ.
വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമികാന്വേഷണത്തിൽ ഒരുപാട് പിഴവുകളുണ്ടെന്നും സ്വയം പ്രതിരോധിക്കാൻ ജീവനോടെ ബാക്കിയില്ലാത്ത പൈലറ്റുമാരിലാണ് അന്വേഷണസംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. മാനുഷികപിഴവാണ് ദുരന്തത്തിനിടയാക്കിയതെന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡിന്റെ പ്രാഥമിക റിപ്പോർട്ടിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ സുമീത് സബർവാളിന്റെ പിതാവ് ഹർജി സമർപ്പിച്ചത്.