വിമാനം ലാൻഡ് ചെയ്തതിനു തൊട്ടു പിന്നാലെ ഛർദ്ദിച്ചു..എയർ ഇന്ത്യ പൈലറ്റിന് ദാരുണാന്ത്യം…
വിമാനം ലാൻഡ് ചെയ്തതിനു തൊട്ടു പിന്നാലെ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അർമാൻ എന്ന പൈലറ്റാണ് മരിച്ചത്. ശ്രീനഗർ–ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റാണ് അർമാൻ. എയർലൈനിന്റെ ഡിസ്പാച്ച് ഓഫീസിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അർമാനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലായിരുന്നു സംഭവം. ഡൽഹിയിൽ ലാൻഡ് ചെയ്തതിന് ശേഷം ക്യാപ്റ്റൻ അർമാൻ വിമാനത്തിനുള്ളിൽ ഛർദ്ദിച്ചതായും തുടർന്ന് ഡിസ്പാച്ച് ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായും എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.
അർമാന്റെ വിയോഗത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അനുശോചനം രേഖപ്പെടുത്തി. ഈ സമയത്ത് ഞങ്ങൾ അർമാന്റെ കുടുംബത്തോടൊപ്പമുണ്ട്. അർമാന്റെ നഷ്ടം നേരിടാൻ ആവശ്യമായ എല്ലാ സഹായവും കുടുംബത്തിനു നൽകും. ഈ ദുഃഖകരമായ അവസ്ഥയിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ ആരോപണങ്ങൾ ഒഴിവാക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.