വിമാനയാത്രക്കാർക്ക് തിരിച്ചടി… എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു… ഇന്ധന സർചാർജ് കൂട്ടി

ആഗോള വിപണിയിൽ വിമാന ഇന്ധന വില വർധിച്ച സാഹചര്യത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര പാതകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യ ഗ്രൂപ്പ്. ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് വിമാനക്കമ്പനികളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഇതോടെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും.

ഏപ്രിൽ 8 ബുധനാഴ്ച മുതൽ പുതിയ സർചാർജ് നിലവിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ നിരക്കുകൾ ഏപ്രിൽ 10 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തിൽ വരിക.

പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേർന്ന് ആഭ്യന്തര ഏവിയേഷൻ ടർബൈൻ ഫ്യുവൽ വിലവർധന 25 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വിലയ്ക്ക് നിയന്ത്രണങ്ങളില്ലാത്തതിനാൽ വിദേശ യാത്രകൾക്ക് വലിയ തുക നൽകേണ്ടി വരും. ഈടാക്കുന്ന അധിക തുക മുഴുവനും ഇന്ധന ചെലവിലേക്കല്ല പോകുന്നത്. ഒരു ഭാഗം എയർലൈൻസിന്റെ പ്രവർത്തന ചിലവുകൾക്കായും നീക്കിവെക്കും.

ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും യാത്ര ചെയ്യുന്ന പ്രവാസികളെ ഈ നിരക്ക് വർധന സാരമായി ബാധിച്ചേക്കും. ഏപ്രിൽ രണ്ടാം വാരത്തോടെ വിമാന യാത്ര ആസൂത്രണം ചെയ്യുന്നവർ പുതിയ നിരക്ക് കൂടി കണക്കിലെടുക്കേണ്ടി വരും.

Related Articles

Back to top button