എയിംസ് ആലപ്പുഴയിൽ വേണമെന്ന സുരേഷ് ഗോപിയുടെ പരാമർശം..രാജീവ് ചന്ദ്രശേഖറിന് വിയോജിപ്പ്…ബിജെപിയിൽ ശീതസമരം..

സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനെ ചൊല്ലി ബിജെപിയിൽ തർക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തമ്മിലാണ് ശീതസമരം. എയിംസ് ആലപ്പുഴയിൽ വേണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. തിരുവനന്തപുരം പാറശ്ശാലയിൽ എയിംസ് പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പദ്ധതിയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിലൂടെ തകർന്നത്.

ആലപ്പുഴയിൽ എയിംസിന് സ്ഥലം കണ്ടെത്തി നൽകണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. പാർട്ടി നേതൃത്വവുമായി ആലോചിക്കാതെ ഇത്തരമൊരു പ്രസ്താവന നടത്തിയതിലാണ് സംസ്ഥാന അധ്യക്ഷന് അതൃപ്തി. തിരുവനന്തപുരം അല്ലെങ്കിൽ തൃശ്ശൂരിൽ എയിംസ് എന്നതായിരുന്നു ബിജെപി പ്ലാൻ. പ്രസിഡന്റും കേന്ദ്രമന്ത്രിയും തമ്മിലുള്ള ഏകോപനമില്ലായ്മ പാർട്ടിയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് തടസ്സമാകുന്നുണ്ട്. സുരേഷ് ഗോപിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ആരോപണങ്ങളിൽ പ്രതിരോധം തീർക്കാൻ പാർട്ടി അധ്യക്ഷൻ ഇതുവരെ തയ്യാറായിട്ടില്ല. സുരേഷ് ഗോപിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് രാജീവ് ചന്ദ്രശേഖർ മറുപടി പറയാനും കൂട്ടാക്കിയിട്ടില്ല.

ഇതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബിജെപി അടിയന്തര കോർ കമ്മിറ്റി യോഗം വിളിച്ചുചേർത്തു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് നടക്കുന്ന കോർ കമ്മിറ്റിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനങ്ങൾ ഉയർന്നേക്കും. സുരേഷ് ഗോപിയുമായുള്ള ശീതസമരം, എയിംസ്, ധൂർത്ത് അടക്കമുള്ള വിഷയങ്ങളിലായിരിക്കും വിമർശനമുയരുക. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഔദ്യോഗിക അജണ്ടയായതിനാൽ എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ പങ്കെടുക്കുന്നുണ്ട്. മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ യോഗത്തിൽ പങ്കെടുക്കുന്നില്ല.

Related Articles

Back to top button