എഐജിയുടെ സ്വകാര്യവാഹനം അപകടത്തിൽപ്പെട്ട കേസിൽ എഫ്ഐആറില്‍ മാറ്റം..

തിരുവല്ലയിൽ എഐജിയുടെ സ്വകാര്യവാഹനം അപകടത്തിൽപ്പെട്ട കേസിൽ എഫ്ഐആറില്‍ മാറ്റം വരുത്താൻ ഒരുങ്ങി പൊലീസ്. ഈ കോടതിയിൽ റിപ്പോർട്ട് നൽകും. എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച് കാൽനട യാത്രക്കാരനായ ഹോട്ടൽ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. അതിൽ പരിക്കേറ്റ തൊഴിലാളിക്കെതിരെയാണ് കേസെടുത്തത്. എഐജി വിനോദ് കുമാറിനായുള്ള ഒത്തുകളി പുറത്ത് വന്നതോടെയാണ് എഫ്ഐആറിൽ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് പൊലീസ്. എഐജിയുടെ സ്വകാര്യവാഹനം ഓടിച്ച പൊലീസ് ഡ്രൈവർ തന്നെ കേസിൽ പ്രതിയാകും. തിരുവല്ല പൊലീസ് നടത്തിയ ഒത്തുകളിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ രണ്ട് ദിവസത്തിനകം എസ്പിക്ക് റിപ്പോർട്ട് നൽകും. അപകടത്തിൽ പരിക്കേറ്റ ഹോട്ടൽ തൊഴിലാളിയായ നേപ്പാൾ സ്വദേശി ജീവൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

എഐജിയുടെ സ്വകാര്യവാഹനം കാൽനട യാത്രക്കാനെ ഇടിച്ചതിലാണ് തിരുവല്ല പൊലീസ് ഒത്തുകളിച്ചത്. വാഹനം ഓടിച്ച പൊലീസ് ഡ്രൈവറെ ഒഴിവാക്കി ഗുരുതരമായി പരിക്കേറ്റ നേപ്പാളുകാരനായ ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കിയാണ് സംഭവത്തിൽ കേസെടുത്തത്. പത്തനംതിട്ട എസ്പി അറിയാതെ നടന്ന ഒത്തുകളി ഇപ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. ഓഗസ്റ്റ് 30ന് രാത്രി തിരുവല്ല കുറ്റൂരിലായിരുന്നു അപകടം. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെ എഐജി വി ജി വിനോദ് കുമാറിന്റെ സ്വകാര്യവാഹനം കാൽനടയാത്രക്കാരനായ ഹോട്ടൽ തൊഴിലാളിയെ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ നേപ്പാൾ സ്വദേശി ജീവൻ ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ എഐജിയെ സംരക്ഷിക്കാൻ വിചിത്ര നടപടിയാണ് തിരുവല്ല പൊലീസിന്റെ ഭാഗത്തുണ്ടായത്. വിനോദ് കുമാറിന്റെ സ്വകാര്യ കാർ ഓടിച്ചത് പോലീസ് ഡ്രൈവർ തന്നെയായിരുന്നു. അയാളെ പ്രതി ചേർക്കാതെ അപകടത്തിൽ പരിക്ക് പറ്റിയ കാൽ നടയാത്രക്കാരനെയാണ് പ്രതിയാക്കിയത്.

റോഡ് അപകടങ്ങളിൽ ഇങ്ങനെ ഒരു കേസ് ഇത് ആദ്യമാണ്. എന്തിനാണ് എഐജിക്കായി തിരുവല്ല പൊലീസ് ഒത്തുകളിച്ചത് എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. മാത്രമല്ല പത്തനംതിട്ട എസ്പി ആർ ആനന്ദ് അവധിയിലുള്ളപ്പോൾ ആയിരുന്നു ഈ വാഹന അപകടവും അട്ടിമറിയും. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പോലും എഐജിയുടെ വാഹനം അപകടത്തിൽപ്പെട്ട കാര്യം എസ്പിയെ അറിയിച്ചില്ല. സംഭവത്തിൽ കടുത്ത അതൃപ്തത്തിയിലാണ് എസ്പി ആനന്ദ്. മാത്രമല്ല അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് എസ്പി കൈമാറി. സ്വകാര്യവാഹനം പൊലീസ് ഡ്രൈവറെ കൊണ്ട് ഓടിപ്പിച്ചതും എഐജിയുടെ ചട്ടവിരുദ്ധ നടപടിയാണ്. ഏറെക്കാലമായി പൊലീസ് സേനയിലെ വിവാദനായകനാണ് വി ജി വിനോദ് കുമാർ ഐപിഎസ്.

Related Articles

Back to top button