രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാന്‍ഡും.. പുറത്താക്കികൊണ്ടുള്ള തീരുമാനം…

ബലാത്സംഗ കേസിൽ ഉള്‍പ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംരക്ഷിക്കില്ല. രാഹുലിനെ പുറത്താക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. കെപിസിസി ശുപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നൽകി. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടി. കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷിയിൽ നിന്നാണ് വിവരങ്ങള്‍ തേടിയത്. എം എൽഎക്കെതിരായ പരാതികൾ ഗുരുതര സ്വഭാവമുള്ളതെന്ന് ദീപ ദാസ് മുൻഷി നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ദീപ ദാസ് മുൻഷി നേതൃത്വത്തെ ധരിപ്പിച്ചു. ആദ്യപരാതി വന്ന സമയം തന്നെ വിശദമായ റിപ്പോർട്ട് ദീപ ദാസ് മുൻഷി നേതൃത്വത്തിന് നൽകിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കണമെന്ന കടുത്ത നിലപാടിലാണ് നേതാക്കള്‍. കെ മുരളീധരൻ, ജെബി മേത്തര്‍ എംപി, ഷാനിമോള്‍ ഉസ്മാൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുത്ത നടപടിയുണ്ടാകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. രാഹുലിനെതിരെ ആദ്യം തന്നെ നടപടിയെടുത്തുകൊണ്ട് സ്ത്രീപക്ഷ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ജെബി മേത്തര്‍ പറഞ്ഞു. നേരത്തെ കൂട്ടായിട്ടാണ് നടപടിയെടുത്തത്. ആരുടെയും വ്യക്തിപരമായ തീരുമാനമായിരുന്നില്ല. അടുത്ത നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്നും ജെബി മേത്തര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് കെ മുരളീധരൻ രാവിലെ വ്യക്തമാക്കിയത്. പുകഞ്ഞ കൊള്ളി പുറത്താണെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നുമാണ് മുരളീധരന്‍റെ പ്രതികരണം.

Related Articles

Back to top button