ശശി തരൂരിൻറേത് കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നീക്കം; പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന് എഐസിസി…

ശശി തരൂരിന്‍റേത് കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നീക്കമെന്ന് എഐസിസി വിലയിരുത്തൽ. തരൂരിന്‍റെ നിലപാട് പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്നാണ് എഐസിസി വിലയിരുത്തുന്നത്. പാർട്ടിക്ക് തൻ്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിലാണ് എഐസിസിയുടെ നിലപാട്.

നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെയാണ് വീണ്ടും കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ രംഗത്തെത്തിയത്. കേരളത്തിൽ നേതൃപ്രതിസന്ധിയെന്നും കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി ഉണ്ടാകുമെന്നാണ് തരൂരിന്‍റെ മുന്നറിയിപ്പ്. വിയോജിപ്പുകളുടെ പേരിൽ പാർട്ടി വിടില്ല. ഇന്നത്തെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ എല്ലാവർക്കും പാർട്ടി പിന്തുണ ആവശ്യമെന്നും തരൂർ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ശശി തരൂരിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കണമെന്നും കൂടെ നിർത്തണമെന്നും കെ മുരളീധരൻ പ്രതികരിച്ചു. തരൂർ പരിധി വിട്ടിട്ടില്ലെന്നും തരൂരിന്റെ സേവനവും പാർട്ടി പ്രയോജനപെടുത്തണമെന്നും മുരളീധരൻ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തും മുന്‍പ് നടന്ന അഭിമുഖമാണെന്ന് മനസ്സിലാക്കുന്നതെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഈ വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും ചെന്നിത്തല പറയുന്നു.

അതേസമയം, ശശി തരൂരിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി തരൂർ രംഗത്തെത്തി. ഇപ്പോൾ നടക്കുന്ന നാടകങ്ങളിൽ കൂടുതൽ എണ്ണയൊഴിക്കാനില്ലെന്നും 45 മിനിറ്റ് നീണ്ട അഭിമുഖത്തിൽ കാര്യങ്ങൾ വിശദമായി പറഞ്ഞെന്നും തരൂർ പറഞ്ഞു.

Related Articles

Back to top button