അഹമ്മദാബാദ് വിമാനാപകടം.. മൂന്ന് ദിവസം മുൻപ് പ്രതീകാത്മക സംസ്കാരം.. തിരിച്ചറിയാനുള്ള അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും വന്നു…
അഹമ്മദാബാദ് വിമാനാപകടത്തിൽ തിരിച്ചറിയാനുള്ള അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്ത്. ഭുജ് സ്വദേശി അനിൽ ഖിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. രണ്ടാഴ്ച്ചയായിട്ടും മൃതദേഹം കിട്ടാതെ വന്നതോടെ അനിലിൻ്റെ വീട്ടുകാർ മൂന്ന് ദിവസം മുൻപ് പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നു. അതിനിടയിലാണ് ഡിഎൻഎ ഫലം പുറത്ത് വന്നത്.
വിമാനത്തിലുണ്ടായിരുന്ന 241 പേരും പ്രദേശവാസികളും ഉൾപ്പെടെ 275 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.അതേസമയം, അഹമ്മദാബാദ് ആകാശദുരന്തത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ നിർണായക വിവരങ്ങളടങ്ങിയ ബ്ലാക് ബോക്സ് പരിശോധിക്കുന്നത് തുടരുന്നുവെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ ബ്ലാക് ബോക്സിലെ ഡാറ്റ എക്സ്ട്രാക്ഷൻ തുടങ്ങി. ഈ നടപടിക്ക് ഏഴ് മുതൽ പത്ത് ദിവസം വരെ എടുത്തേക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അപകടത്തെ സംബന്ധിച്ച അന്വേഷണത്തിൽ യുഎൻ ഏവിയേഷൻ ഓർഗനൈസേഷനെ ഭാഗമാക്കില്ലെന്നാണ് സൂചന. യുണൈറ്റഡ് നാഷൻസ് ഏവിയേഷൻ ഏജൻസി നേരത്തെ അന്വേഷണത്തിൽ സഹായിക്കാൻ താൽപര്യം അറിയിച്ചിരുന്നു.