സീറ്റ് ബെൽറ്റണിഞ്ഞ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ.. ആർക്കും ആരെയും തിരിച്ചറിയാനാകുന്നില്ല.. ആശുപത്രി കാഴ്ചകൾ ഹൃദയഭേദകം…

എയർ ഇന്ത്യ വിമാനാപകടത്തിന് പിന്നാലെ സിവിൽ ആശുപത്രിയിലെ ട്രോമ സെന്റർ ഒരു യുദ്ധക്കളംപോലെയായി മാറി.കത്തിക്കരിഞ്ഞ മൃതദേഹങ്ങളുമായി ആംബുലൻസുകൾ പാഞ്ഞെത്തിക്കൊണ്ടിരുന്നു. അർധപ്രാണനായും ബോധരഹിതരായും ഏറെപ്പേരെ സന്നദ്ധപ്രവർത്തകർ ഇടതടവില്ലാതെ എത്തിക്കുന്നു. ആർക്കും ആരെയും തിരിച്ചറിയാനാവാത്ത അവസ്ഥ. അബോധാവസ്ഥയിലുള്ളവർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടായിരുന്നു.ആശുപത്രിയിൽ എത്തിക്കുന്നവർ വിമാനത്തിലുള്ളവരാണോ വിമാനം തകർന്നുവീണ സ്ഥലത്തുള്ളവരാണോ എന്ന് വ്യക്തമല്ല. മിക്കവർക്കും ഗുരുതരമായി പൊള്ളലേറ്റ പരിക്കുണ്ട്. അവരെ തിരിച്ചറിയാൻ കഴിയുന്നില്ല. മുഖം പൊള്ളിയടർന്നിട്ടുണ്ട്. ദേഹമാസകലം വലിയതോതിൽ പൊള്ളലേറ്റിട്ടുണ്ട്… പലരും അബോധാവസ്ഥയിലാണ്. അവരുടെ ജീവൻ രക്ഷിക്കാനാണ് ഞങ്ങളുടെ മുൻഗണന- ഡോക്ടർ മോദി പറഞ്ഞു.

നിരവധി പേരുടെ ശരീരത്തിൽ ഇപ്പോഴും സീറ്റ് ബെൽറ്റുണ്ട്; തിരിച്ചറിയാനായി അവരുടെ പോക്കറ്റുകൾ എങ്ങനെ പരിശോധിക്കാൻ കഴിയും? – ആശുപത്രിയിൽ എത്തിച്ചവരെ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ആനന്ദ് പോലുള്ള ജില്ലകളിൽനിന്നും ഗുജറാത്തിലെ മറ്റ് സ്ഥലങ്ങളിൽനിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിൽ കുടുംബാംഗങ്ങളെ യാത്രയാക്കാൻ എത്തിയ ബന്ധുക്കൾ വിമാനത്താവളം വിടുംമുമ്പാണ് അപകടം. പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾക്കായി അവർ ആശുപത്രി പരിസരത്ത് ആകാംക്ഷയോടെ കാത്തിപ്പിലാണ്. അഹ്മദാബാറിലെ സംരംഭകയായ തൃപ്തി സോണിയുടെ സഹോദരനും കുടുംബവും വിമാനത്തിൽ ഉണ്ടായിരുന്നു. അവരെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് തൃപ്തി പറഞ്ഞു. അഹ്മദാബാദ് സിവിൽ ആശുപത്രിയാണ് ഇവിടത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രി. അതാകട്ടെ വിമാനത്താവളത്തിന് സമീപത്തുമാണ്. അതിനാൽ, അപകടത്തിൽപ്പെട്ടവരെയെല്ലാം ആദ്യം എത്തിക്കുന്നത് ഇവിടെയാണ്. വിവരം ലഭിക്കുംവരെ ഇവിടെ തങ്ങുമെന്ന് തൃപ്തി പറഞ്ഞു.

Related Articles

Back to top button