എയര്‍ഫോഴ്‌സില്‍ ‘അഗ്‌നിവീര്‍’ സെലക്ഷന്‍ ടെസ്റ്റ്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 7 മുതല്‍

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ‘അഗ്‌നിവീര്‍’ സെലക്ഷന്‍ ടെസ്റ്റിന് അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ജനുവരി 7 മുതല്‍ 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സെലക്ഷന്‍ ടെസ്റ്റ്/ഓണ്‍ലൈന്‍ പരീക്ഷ 2025 മാര്‍ച്ച് 22 മുതല്‍ ആരംഭിക്കും.

വിശദവിവരങ്ങളടങ്ങിയ അഗ്‌നിവീര്‍ വായു ഇന്‍ടേക്ക് 01/2026 വിജ്ഞാപനം https://agnipathvayu.cdac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.

യോഗ്യത: ഇനി പറയുന്ന ഏതെങ്കിലും യോഗ്യതയുള്ള ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. (എ) ശാസ്ത്രവിഷയങ്ങള്‍: ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ്ടു/വിഎച്ച്എസ്ഇ/തത്തുല്യ പരീക്ഷ 50% മാര്‍ക്കോടെ പാസായിരിക്കണം. ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ത്രിവത്‌സര എന്‍ജിനീയറിങ് ഡിപ്ലോമ.

മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഓട്ടോമൊബൈല്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചുകാര്‍ക്കാണ് അവസരം. മെട്രിക്കുലേഷന്‍/പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.

(ബി) ശാസ്‌ത്രേതര വിഷയങ്ങള്‍. ഏതെങ്കിലും സ്ട്രീമില്‍/വിഷയത്തില്‍ 50% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇംഗ്ലീഷിനും 50% മാര്‍ക്കുണ്ടായിരിക്കണം.

പ്രായപരിധി: 21 വയസ്. 2005 ജനുവരി ഒന്നിനും 2008 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. അതത് സംസ്ഥാന/ജില്ലയിലെ സ്ഥിരതാമസക്കാരാണെന്ന് ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍/റവന്യൂ അധികൃതരില്‍നിന്നും വാങ്ങി ഹാജരാക്കേണ്ടതുണ്ട്.

ശാരീരിക യോഗ്യതകള്‍: പുരുഷന്മാര്‍ക്കും വനിതകള്‍ക്കും മിനിമം 152 സെ.മീറ്ററില്‍ കുറയാതെ ഉയരം വേണം. ലക്ഷദ്വീപുകാര്‍ക്ക് 150 സെ.മീറ്റര്‍ മതി. നെഞ്ചളവ് മിനിമം 77 സെ.മീറ്റര്‍. 5 സെ.മീറ്ററില്‍ കുറയാതെ വികാസശേഷിയുണ്ടാകണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷ: https://agnipathvayu.cdac.in ല്‍ വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. പത്ത്/പന്ത്രണ്ട്/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യാന്‍ മറക്കരുത്.

ഉയര്‍ന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റ്്/സ്‌കില്‍ സര്‍ട്ടിഫിക്കറ്റ്, അടുത്തിടെ എടുത്ത പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള കളര്‍ഫോട്ടോ, ഇടത്‌കൈ തംപ് ഇമേജ്, സിഗ്‌നേച്ചര്‍ ഇമേജ് മുതലായവയും നിര്‍ദ്ദേശാനുസരണം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ജനുവരി 7 മുതല്‍ 27 വരെയാണ് രജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്. ഫീസ് 550 രൂപ+ജിഎസ്ടി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി അടയ്‌ക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് കൈവശം വയ്‌ക്കണം.

Related Articles

Back to top button