‘ഡെഡ് മണി’, പാതി വില തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് മറ്റൊരു തട്ടിപ്പ് കൂടി വെളിച്ചത്തിലേക്ക്…
കേരളത്തിൽ നടന്ന ഏറ്റവും വലിയ തട്ടിപ്പായ പാതി വില തട്ടിപ്പിന് പിന്നാലെ ഇതാ സംസ്ഥാനത്ത് പുതിയൊരു തട്ടിപ്പ് കേസുകൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. നിരവധി ആളുകളെ ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ‘ഡെഡ് മണി’ തട്ടിപ്പിൽ അകപ്പെട്ട നിക്ഷേപകരുടെ പരാതിയിന്മേൽ ഇറങ്ങാലക്കുട പോലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്. മാടായിക്കോണം സ്വദേശിയായ മനോജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സംഭവത്തിൽ തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് പ്രതികൾ.
അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും കിട്ടുമെന്ന് വാഗ്‌ദാനം നൽകിയാണ് പണം തട്ടിയത്. 5000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ മടക്കി കിട്ടുമെനന്നായിരുന്നു വാഗ്‌ദാനം. ഇത് വിശ്വസിച്ച് നിരവധി ആളുകൾ തട്ടിപ്പ് സംഘത്തിന് പണം നൽകിയെന്നാണ് വിവരം. ഇറിഡിയം ലോഹ ശേഖരത്തിൻ്റെ പേരിലും പണം വാങ്ങിയെന്ന് പോലീസ് പറയുന്നു. പ്രവാസിയായ തൃശൂർ ആനന്തപുരം സ്വദേശി മോഹനനിൽ നിന്ന് മാത്രം 45 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. ഏറെക്കാലമായി തുടരുന്ന നിക്ഷേപ തട്ടിപ്പാണിതെന്നാണ് ലഭ്യമാകുന്ന വിവരം.