സംഘർഷം ഒതുങ്ങിയപ്പോൾ അടുത്തത് മഴ ഭീഷണി… ആർസിബി-കൊൽക്കത്ത മത്സരം വെള്ളത്തിലായാൽ…
ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കാനിരിക്കെ മഴ ഭീഷണി. കളി വെള്ളത്തിലാകുമോ എന്ന ഭയത്തിലാള് എല്ലാവരും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. എന്നാൽ മഴ കളി തടസ്സപ്പെടുത്തിയാൽ അത് ഇരു ടീമുകളെയും ബാധിക്കും.കൊൽക്കത്ത ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പുറത്താകും.
ചെന്നൈ സൂപ്പർ കിംഗ്‌സ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവരാണ് ഇതിനോടകം പുറത്തായ ടീമുകൾ. ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിച്ച കൊൽക്കത്ത 11 പോയിന്റും +0.193 നെറ്റ് റൺ റേറ്റുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ആർസിബിക്ക് ഒരു പോയിന്റ് ലഭിക്കും. അത് അവരെ വീണ്ടും പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കും. എന്നിരുന്നാലും പ്ലേഓഫ് സ്ഥാനം ഉറപ്പിക്കാൻ കഴിയില്ല. ആദ്യ നാലിൽ ഔദ്യോഗികമായി സ്ഥാനം ഉറപ്പിക്കാൻ അവർക്ക് ഇനിയും ഒരു വിജയം ആവശ്യമാണ്.
11 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങളുമായി 16 പോയിന്റും +0.482 നെറ്റ് റൺ റേറ്റും ഉള്ള ആർസിബി നിലവിൽ രണ്ടാം സ്ഥാനത്താണ്. ഈ സീസണിൽ അവർ അവരുടെ എല്ലാ എവേ മത്സരങ്ങളിലും വിജയിച്ചിട്ടുണ്ടെങ്കിലും, സ്വന്തം മൈതാനത്ത് മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമേ അവർക്ക് നേടാനായുള്ളൂ. ഈഡൻ ഗാർഡൻസിൽ നടന്ന സീസണിലെ ആദ്യ മത്സരത്തിൽ ആർസിബി കൊൽക്കത്തയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
രാത്രി 8 മണിക്കും 9 മണിക്കും ഇടയിൽ 60-75 ശതമാനം മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. പ്ലേ ഓഫ് സ്ഥാനങ്ങൾക്കായുള്ള മത്സരത്തിൽ ഏഴ് ടീമുകൾക്ക് ഇപ്പോഴും സാധ്യതയുണ്ട്. ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ മത്സരം ചൂടുപിടിക്കുകയാണ്. 2012, 2014, 2024 വർഷങ്ങളിൽ കെകെആർ മൂന്ന് തവണ ഐപിഎൽ കിരീടം നേടിയിട്ടുണ്ട്. ആർസിബിക്ക് ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.