ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി…പരിശോധനയിൽ…
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിമാനത്തിന് ബോംബ് ഭീഷണി. ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. മുംബൈ വിമാനത്താവളത്തിലേയ്ക്ക് അജ്ഞാത ഫോൺ കോൾ ലഭിക്കുകയായിരുന്നു. ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഫോൺ കോളിലൂടെയുള്ള ഭീഷണിയെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് മുംബൈ വിമാനത്താവളത്തിലേയ്ക്ക് അജ്ഞാതന്‍റെ ഫോൺ കോൾ എത്തിയത്. ചണ്ഡീഗഡ് – മുംബൈ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ അധികൃതര്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനം ഐസൊലേഷൻ ബേയിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചെന്നും പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായും ഇൻഡിഗോ അറിയിച്ചു. അതേസമയം, ഇന്ത്യ – പാകിസ്ഥാൻ സംഘര്‍ഷം രൂക്ഷമായിരിക്കെ 9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടാനിരുന്നതും ഈ വിമാനത്തവാളങ്ങളിലേക്ക് പോകാനിരുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്.



