മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയം… നഗരമെങ്ങും കറുത്ത പുക…
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയം. നഗരമെങ്ങും കറുത്ത പുക പടർന്നിരിക്കുകയാണ്. തീ നിയന്ത്രണവിധേയമായെങ്കിലും അഞ്ച് മണിക്കൂർ പിന്നിട്ടിട്ടും പൂർണമായും അണഞ്ഞിട്ടില്ല. വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ തീപിടിത്തത്തിൽ ഷോപ്പിംഗ് കോംപ്ലക്സ് പൂർണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കെട്ടിടത്തിനകത്തുള്ള തീ അണയ്ക്കാനായി ശ്രമം ഇപ്പോഴും തുടരുകയാണ്.
കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കടകളുടെ ചില്ലുകൾ തകർത്ത് ഉള്ളിലേക്ക് വെള്ളമടിക്കുന്നത് തുടരുകയാണ്. തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൾ ആളപായമില്ല.