ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിൽ നിന്ന് മോഷണം പോയത് 6 കിലോ സ്വർണം.. 33 വ‍ർഷത്തിന് ശേഷം 18 പേർ കുറ്റവിമുക്തർ..

33 വർഷത്തിന് ശേഷം ക്ഷേത്രത്തിൽ നിന്ന് 6 കിലോയോളം സ്വ‍ർണാഭരണങ്ങൾ മോഷണം പോയ കേസിൽ 18 പേരെ കുറ്റവിമുക്തരാക്കി കോടതി. തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിൽ ഉൾപ്പെടെയുണ്ടായിരുന്ന 6 കിലോയോളം സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളെയാണ് പത്മനാഭപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്. കേസിൽ അറസ്റ്റിലായവർക്കെതിരെ കുറ്റം തെളിയിക്കാനോ ആവശ്യമായ തെളിവുകൾ ഹാജരാക്കാനോ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി വിശദമാക്കിയത്. 2019ൽ നാഗർ കോവിലിലെ വിചാരണ കോടതി പ്രതികളെ കേസിൽ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജ‍ഡ്ജ് പി രാമചന്ദ്രനാണ് വിധി പ്രഖ്യാപിച്ചത്.

2019 സെപ്തംബർ 19ന് വിചാരണക്കോടതി നടത്തിയ വിധി അഡീഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന 34 പേരിൽ 10 പേർ വിചാരണ കാലയളവിൽ മരിച്ചിരുന്നു. 23 പേർക്ക് ആറ് വർഷത്തെ തടവും ബാക്കിയുള്ളവർക്ക് മൂന്ന് വർഷത്തെ തടവിനാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. 1974ലാണ് ക്ഷേത്രത്തിൽ നിന്ന് സ്വർണം കളവ് പോയത്. കന്യാകുമാരി ജില്ലാ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 1992 ജൂൺ 17നാണ് സിബി സിഐഡിക്ക് കൈമാറിയത്.

Related Articles

Back to top button