ശ്വാസം നിലയ്ക്കും വരെ പാർട്ടിക്കാരൻ, ഫേയ്സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത് ചില സൂചനകൾ, ആക്ഷേപം കലർന്ന ഹാസ്യമെന്നും അഡ്വ.ബി.എൻ.ഹസ്കർ

ശ്വാസം നിലയ്ക്കും വരെ പാർട്ടിക്കാരനായിരിക്കുമെന്നും ‘ഇടതു നിരീക്ഷകൻ ‘ എന്ന പദവി രാജിവെക്കുകയാണെന്ന തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത് ആക്ഷേപം കലർന്ന ഹാസ്യമെന്നും അഡ്വ.ബി.എൻ.ഹസ്കർ. ചാനൽ ചർച്ചകളും, രാഷ്ട്രീയ പ്രവർത്തനമായാണ് കാണുന്നത്. ആ അധ്വാനത്തെ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ആക്ഷേപിക്കുന്നത് ശരിയല്ല. നിരീക്ഷകർ പാർട്ടിക്ക് പുറത്താണോ, അകത്താണോ, ഏത് ഘടകത്തിലാണ് എന്ന വി. വസീഫിൻ്റെ ചോദ്യം അരാഷ്ട്രീയമാണ്. ശ്വാസം നിലയ്ക്കും വരെ പാർട്ടിക്കാരനായിരിക്കുമെന്നും അഡ്വ. ബി.എൻ.ഹസ്കർ വ്യക്തമാക്കി. ചാനൽ ചർച്ചയിൽ മുഖ്യമന്ത്രിയെയും, വെള്ളാപ്പള്ളി നടേശനെയും വിമർശിച്ചതിന് സിപിഎം ഹസ്കറിന് താക്കീത് നൽകിയിരുന്നു.
പാർട്ടി ശാസനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ പരിഹാസവുമായി ഹസ്ക്കർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘ഇടത് നിരീക്ഷകൻ’ എന്ന സ്ഥാനം രാജിവെച്ചു. തന്റെ സുരക്ഷയ്ക്കായി പാർട്ടി നൽകിയിരുന്ന ‘ഗൺമാനെ’ തിരിച്ചേൽപ്പിച്ചു, ശാസന കേട്ടതോടെ താൻ വല്ലാതെ ‘പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നുമായിരുന്നു പരിഹാസം. രാഷ്ട്രീയ നിരീക്ഷണ രംഗത്ത് നിന്ന് പിൻമാറില്ലെന്നും എന്നാൽ ഇനി മുതൽ ‘രാഷ്ട്രീയ നിരീക്ഷകൻ’ എന്ന നിലയിലാകും ചർച്ചകളിൽ പങ്കെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
