വെളിച്ചെണ്ണ വില കുതിച്ചപ്പോൾ വിപണി കീഴടക്കി വ്യാജൻ..
ഉത്സവ സീസൺ, പ്രത്യേകിച്ച് ഓണം അടുക്കവേ വെളിച്ചെണ്ണ വില ഇടിയുന്നതിൽ ജനങ്ങൾ ആശ്വാസത്തിലാണ്. ജൂലായ് അവസാന വാരം കിലോയ്ക്ക് 449 രൂപ വരെ എത്തിയ വെളിച്ചെണ്ണയുടെ വില ഈ ആഴ്ച 405 രൂപയിലേക്ക് താഴ്ന്നു. വെളിച്ചെണ്ണ ഉപഭോക്താക്കൾക്ക് ഈ സാഹചര്യം വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും വിലയിലെ ഏറ്റക്കുറച്ചിലുകൾ ഉത്പാദകരെ ബാധിച്ചതെങ്ങനെയെന്നുള്ള കാര്യം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെയ്ക്കുകയാണ് നാളികേരംകൊണ്ടുള്ള ഉത്പന്നങ്ങൾക്ക് വിപണി സാധ്യത കണ്ടെത്തി അതിൽ മുന്നേറുന്ന സംരംഭയായ സുമില ജയരാജ്. രാജ്യാന്തരവിപണിയിൽ നാളികേരോൽപന്നങ്ങൾക്കുളള സ്വീകാര്യത മനസ്സിലാക്കിയ സുമില, ‘ഗ്രീൻ ഓറ’ എന്ന സ്ഥാപനം ആരംഭിക്കുകയും നൂറു മേനി വിജയം കൊയ്തിരിക്കുകയുമാണ്.
തേങ്ങാ പാൽ, വെർജിൻ കോക്കനട്ട് ഓയിൽ, വെളിച്ചെണ്ണ, വിനീഗർ, തേങ്ങ ചട്നി. തുടങ്ങി എട്ട് ഉത്പന്നങ്ങളാണ് ഇന്ന് ഗ്രീൻ ഓറ എന്ന കമ്പനിയിൽ നിന്നും ഉത്പാദിപ്പിക്കുന്നത്. ഗ്രീൻ നട്സ് എന്ന പേരിലാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നത്. മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ നൽകിയതോടെ ഉത്പന്നങ്ങൾ തേടി ആളുകളെത്തുകയായിരുന്നു. എന്നാൽ സമീപ കാലത്തെ വൻ വില വർദ്ധന എങ്ങനെ വ്യവസായത്തെ ബാധിച്ചെന്ന ചോദ്യത്തിന് സുമില നൽകുന്ന ഉത്തരം ഇതാണ്, തേങ്ങയുടെ ലഭ്യത കുറവ് പ്രധാന പ്രശനമാണ്, അത് സമീപ കാലത്തുണ്ടായത് മാത്രമല്ല, നാളീകേര ഉത്പാദനം കഴിഞ്ഞ കുറേ വർങ്ങളായി കുറഞ്ഞു വരികയാണ്. സമീപ കാലത്തുണ്ടായ വില വർദ്ധനവിൽ അസംസ്കൃത വസ്തു, അതായത് തേങ്ങയുടെ വില താങ്ങാൻ പറ്റാത്തതിനാൽ പല മില്ലുകാരും അടച്ചുപൂട്ടലിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ ഇത് തങ്ങൾക്ക് ലാഭമുണ്ടാക്കിയിട്ടുണ്ട്, ഈ കാരണംകൊണ്ട് ഉപഭോക്താക്കൾ വർദ്ധിച്ചുണ്ട്. എന്നാൽ അവർ വാങ്ങുന്ന ഉത്പന്നത്തിന്റെ അളവ് കുറച്ചിട്ടുണ്ടെന്നും സുമില പറയുന്നു. അതായത്, 5 ലിറ്റർ വെളിച്ചെണ്ണ വാങ്ങികൊണ്ടിരുന്നവർ വില കൂടിയപ്പോൾ 1 ലിറ്ററിലേക്ക് ഉപഭോഗം കുറച്ചിട്ടുണ്ടെന്നും സുമില ചൂണ്ടിക്കാണിക്കുന്നു.