ചിത്രങ്ങളും വീഡിയോകളും ടെക്‌സ്റ്റുമെല്ലാം ജനറേറ്റ് ചെയ്യും… പരസ്യങ്ങൾ ഇനി എഐ നിർമിക്കും…
മെറ്റയുടെ പ്രധാനവരുമാന സ്രോതസ്സാണ് പരസ്യവില്പന. ഇപ്പോഴിതാ പരസ്യവിതരണ സോഫ്റ്റ്‌വേയർ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് കമ്പനി. അടുത്ത വർഷത്തോടെ ഉപഭോക്താക്കൾക്ക് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി എഐ ടൂളുകൾ അവതരിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
പരസ്യ പോസ്റ്റുകൾ ജനറേറ്റ് ചെയ്യാനായി മെറ്റ എഐ സഹായിക്കും. പരസ്യത്തിന് വേണ്ടിയുള്ള ചിത്രങ്ങളും വീഡിയോകളും ടെക്‌സ്റ്റുമെല്ലാം ജനറേറ്റ് ചെയ്യാൻ എഐ ഉപയോഗിക്കാം. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ആരെയെല്ലാം ടാർഗറ്റ് ചെയ്യണമെന്നും എഐ തീരുമാനിക്കും ഒപ്പം അതിന് ആവശ്യമായിവരുന്ന തുകയും കണക്കാക്കും. ഇത് തിരഞ്ഞെടുത്ത് പരസ്യദാതാവിന് പരസ്യം പ്രസിദ്ധീകരിക്കാനാവും.
മെറ്റയുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലാകെ ആഗോളതലത്തിൽ 343 കോടി സജീവ ഉപഭോക്താക്കളുണ്ട്. പരസ്യങ്ങളുടെ വിവിധ പതിപ്പുകൾ നിർദേശിക്കുക, ചിത്രങ്ങളുടെ പശ്ചാത്തലം ക്രമീകരിക്കുക, വീഡിയോ പരസ്യങ്ങളിൽ ഓട്ടോമാറ്റിക് ആയി മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം എഐ പ്രയോജനപ്പെടുത്താനാവും.
ഒരു പരസ്യത്തിന്റെ തന്നെ പല പതിപ്പുകൾ എഐയുടെ സഹായത്തോടെ നിർമിക്കാനുള്ള സൗകര്യമൊരുക്കാൻ മെറ്റ ആലോചിക്കുന്നുണ്ട്. അതായത് പരസ്യം വിതരണം ചെയ്യുന്ന ലൊക്കേഷന് അനുസരിച്ച് എഐയുടെ സഹായത്തോടെ പരസ്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനാവും.