അടൂർ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട് ആരോപണത്തിലുറച്ച് പൊൻതാമരപ്പിള്ള…

അടൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുൻ ബാങ്ക് പ്രസിഡന്റ് പൊൻതാമരപ്പിള്ള. മുൻ അടൂർ എംഎൽഎയും സിപിഎം മുൻ സംസ്ഥാന സമിതിയംഗവുമായിരുന്ന ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയാണ് പൊൻതാമരപ്പിള്ള. അഴിമതിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. ബാങ്കിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ ക്ലീൻ ചിറ്റ് തള്ളിക്കൊണ്ടാണ് പൊൻതാമരപ്പിള്ള നിലപാട് കടുപ്പിച്ചത്.
ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ അടക്കം തട്ടിയെടുക്കുകയും ക്രമവിരുദ്ധമായി വൻതുക ലോൺ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവർ അഴിമതിക്ക് പിന്നിലുണ്ട്. അഴിമതി മറച്ചുവെക്കാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം ഉദയഭാനു ഉൾപ്പെടെയുള്ളവർ അഴിമതിക്കാർക്കൊപ്പം നിൽക്കുന്നത് തന്നെ ഞെട്ടിച്ചുവെന്ന് അവർ പറഞ്ഞു. ഒരു ജീവനക്കാരിയുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ബാങ്കിലുള്ളതെന്ന ജില്ലാ നേതൃത്വത്തിന്റെ ന്യായീകരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അവർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കാലത്തെ പൊൻതാമരപ്പിള്ളയുടെ ആരോപണം സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.



