മഹാകുംഭ മേളയിലെ തിക്കും തിരക്കും.. ഔദ്യോഗിക കണക്ക് പുറത്ത് വിട്ട് യു പി സർക്കാർ.. മരണം.. മരിച്ചവരുടെ കുടുംബത്തിന്….
പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആയി. 60ഓളം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. മരണപ്പെട്ടവരിൽ 25 പേരെ തിരിച്ചറിഞ്ഞതായി യുപി സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ സൂചിപ്പിക്കുന്നു.മരിച്ചവരിൽ കർണാടകയിൽ നിന്നും നാല് പേരും, അസമിൽ നിന്നും ഗുജറാത്തിൽ നിന്നും ഓരോരുത്തരും ഉൾപ്പെടുന്നു. നിലവിൽ 5 പേരെയാണ് തിരിച്ചറിയാൻ ഉള്ളതെന്ന് ഡി ഐ ജി വൈഭവ് കൃഷ്ണ വ്യക്തമാക്കി.
അതേസമയം അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ മൂന്നംഗ അന്വേഷണ സമിതിക്ക് ആണ് രൂപം നല്‍കിയത്. വിരമിച്ച ജഡ്ജി ഹര്‍ഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മൂന്നംഗ അന്വേഷണ സമിതിയില്‍ മുന്‍ ഡിജിപി വി കെ ഗുപ്ത, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി കെ സിംഗ് എന്നിവരും ഉള്‍പ്പെടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചു. മുഴുവന്‍ സംഭവത്തിലും പ്രത്യേക പൊലീസ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു ദുരന്തം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം പ്രധാനമാണ്. ദാരുണമായ സംഭവത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിനായി ചീഫ് സെക്രട്ടറിയും ഡിജിപിയും വ്യാഴാഴ്ച മഹാ കുംഭമേള സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.