സർക്കാർ ജോലിയിൽ പ്രവേശിക്കാനും വിവാഹം കഴിക്കാനും വീട്ടുകാർ നിർബന്ധിച്ചു; നടി നന്ദിനി ജീവനൊടുക്കി

കന്നഡ സീരിയൽ നടി സി.എം. നന്ദിനി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ കെങ്കേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനുള്ളിലാണ് ഇരുപത്താറുകാരിയായ നന്ദിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നന്ദിനിയുടെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വ്യക്തിപരമായ ബുദ്ധിമുട്ടുകളും മാനസിക സമ്മർദവും നേരിടുകയായിരുന്നുവെന്ന് സൂചന വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അഭിനയ രംഗത്ത് മുന്നോട്ട് പോകണമെന്നായിരുന്നു നന്ദിനിയുടെ ആഗ്രഹം. എന്നാൽ സർക്കാർ ജോലി സ്വീകരിക്കാനും വിവാഹിതയാകാനും കുടുംബം സമ്മർദം ചെലുത്തിയിരുന്നുവെന്ന വിവരവും കുറിപ്പിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവീസിലിരിക്കെ മരണപ്പെട്ടിരുന്നു. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും, അഭിനയ ജീവിതം ഉപേക്ഷിക്കാൻ യുവതിക്ക് താൽപര്യമില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതിനെ തുടർന്ന് സുഹൃത്തുകൾ വിവരം വീട്ടുടമകളെ അറിയിക്കുകയും തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പ്രാഥമിക പരിശോധനയിൽ മറ്റ് സംശയകരമായ സാഹചര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button