‘ബസ്സിൽ നിന്നിറങ്ങിയോടി, എന്താ സംഭവിക്കുന്നതെന്ന് മനസ്സിലായില്ല’: കരുത്തായത് അമ്മയുടെ വാക്കുകൾ…
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബസിൽ വെച്ച് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി ഗൗതമി കപൂർ. ഒരു അപരിചിതൻ തന്നോട് എങ്ങനെ മോശമായി പെരുമാറി എന്നും അന്ന് പകച്ചുപോയപ്പോൾ അമ്മ എങ്ങനെ ധൈര്യം തന്നുവെന്നും ഗൗതമി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
കുടുംബത്തിന് സ്വന്തമായി വാഹനമില്ലാതിരുന്നതിനാൽ ബസ്സിലായിരുന്നു യാത്രയെന്ന് ഗൗതമി പറഞ്ഞു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബസ്സിൽ വച്ചുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ചാണ് ഗൌതമി വെളിപ്പെടുത്തിയത്. പിന്നിൽ നിന്നയാൾ തന്‍റെ പാന്‍റിൽ കൈവച്ചെന്ന് ഗൌതമി പറയുന്നു. അന്ന് കുട്ടിയായിരുന്നതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാൻ പോലും കുറച്ച് സമയമെടുത്തു. ഭയന്ന് ബസിൽ നിന്ന് ഇറങ്ങിയോടി. അയാൾ തന്നെ പിന്തുടരുന്നുണ്ടോ എന്ന് പേടിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തി അമ്മയോട് ഇക്കാര്യം പറയാൻ ഭയമായിരുന്നെന്നും ഗൌതമി പറയുന്നു. അമ്മ ശകാരിക്കുമെന്നും തെറ്റ് തന്‍റെ ഭാഗത്താണെന്നും പറയുമെന്ന് കരുതിയെന്ന് ഗൌതമി പറഞ്ഞു.
എന്നാൽ അമ്മയുടെ പ്രതികരണം ഞെട്ടിച്ചുകളഞ്ഞെന്ന് ഗൌതമി പറയുന്നു- ‘നീ തിരിഞ്ഞു നിന്ന് അയാളെ അടിക്കണമായിരുന്നു. അല്ലെങ്കിൽ കോളറിൽ പിടിക്കണമായിരുന്നു. ഒരിക്കലും ഭയപ്പെടരുത്.’ ആരെങ്കിലും അങ്ങനെ എന്തെങ്കിലും ചെയ്താൽ അവരുടെ കൈ പിടിച്ചുവച്ച് ഉച്ചത്തിൽ ശബ്ദമുയർത്തണമെന്ന് ഗൌതമി പറയുന്നു. ഒരിക്കലും പരിഭ്രാന്തരാകരുത്. നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ, പെപ്പർ സ്പ്രേ കരുതുക.അത് ആവശ്യം വന്നാൽ പ്രയോഗിക്കുക. അല്ലെങ്കിൽ ഷൂ ഊരി അവരെ അടിക്കുക. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്ന് ഗൌതമി പറയുന്നു.
സാറ്റർഡേ സസ്‌പെൻസ്, ഫാമിലി നമ്പർ 1 എന്നീ ടെലിവിഷൻ ഷോകളിലൂടെയാണ് ഗൗതമി കപൂർ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ഘർ ഏക് മന്ദിർ എന്ന പരമ്പരയിലെ പ്രധാന വേഷത്തിലൂടെയാണ് പ്രശസ്തയായത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.