അതിജീവിതയുടെ ട്രോമ മനസ്സിലാക്കണം.. നടിയെ ആക്രമിച്ച കേസിൽ ശിക്ഷ വൈകിട്ട് 3.30 ന്

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ വൈകീട്ട് 3.30 ന് പ്രസ്താവിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികളുടെ ശിക്ഷയിന്മേലുള്ള വാദം പൂർത്തിയായി. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാൾ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാർ.
പ്രതികൾക്കെല്ലാം പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികളെല്ലാം മനുഷ്യത്വ രഹിതമായ പ്രവർത്തനത്തിലാണ് പങ്കാളികളായത്. ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ള പ്രവൃത്തിയാണ്. മുൻകൂട്ടി തീരുമാനിച്ച പ്രവർത്തനമാണ് ഉണ്ടായത്. പ്രതികളെല്ലാം ഒന്നിനു പിന്നെ ഒന്നെന്ന നിലയിൽ കണ്ണികളായി ചേർന്നാണ് പ്രവർത്തിച്ചത്. അതുകൊണ്ടു തന്നെ എല്ലാവർക്കും കടുത്ത ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതിജീവിത അനുഭവിക്കുന്ന ട്രോമ മനസ്സിലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം കോടതി വിശദമായി പരിശോധിച്ചു. എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകേണ്ടതുണ്ടോ?, ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കണക്കിലെടുത്തല്ലേ ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു. എന്നാൽ എല്ലാവർക്കും കൃത്യത്തിൽ ഒരേ പങ്കാളിത്തം ഉണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.



