നടിയെ ആക്രമിച്ച കേസ്: ‘ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ല’, വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ലെന്നും മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും വിധി ന്യായത്തിൽ പറയുന്നു. ദിലീപിനേയും പൾസർ സുനിയേയും ആലുവയിലെ വീട്ടിൽ ഒരുമിച്ച് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മൊഴി. ദിലീപിന്‍റെ വീട്ടിൽ നിന്ന് പൾസർ സുനി വാഹനത്തിൽ തങ്ങൾക്കൊപ്പം വന്നെന്നും മൊഴിയിലുണ്ട്. എന്നാൽ ദിലീപ്, പൾസർ സുനി ബന്ധം തികച്ചും രഹസ്യാത്മകമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതെന്നും വിധിന്യായത്തിൽ പറയുന്നു.
കൃത്യത്തിനുശേഷവും പരസ്പരം കാണാതിരിക്കാൻ ഇരു പ്രതികളും ശ്രമിച്ചെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. പരസ്പരമുളള ഫോൺ കോൾ പോലും ഇരുവരും ഒഴിവാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ബാലചന്ദ്രകുമാറിന്‍റെ മൊഴിയും പ്രോസിക്യൂഷന്‍റെ വാദവും ചേർന്നുപോകുന്നതല്ലെന്ന് വ്യക്തമാക്കിയ കോടതി രഹസ്യ ബന്ധമായിരുന്നെങ്കിൽ ബാലചന്ദ്രകുമാർ എത്തിയപ്പോൾ പൾസർ സുനിയെ ദിലീപ് അവിടെ നിന്ന് മാറ്റില്ലായിരുന്നോ എന്നും വിധി ന്യായത്തിൽ പറയുന്നു.
