പി ടി തോമസിന്‍റെ ഇടപെടലുകൊണ്ടാണ് ഇങ്ങനെയൊരു വിധിയെങ്കിലും ഉണ്ടായത്

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് കോടതി വിധിയിലൂടെ വ്യക്തമായത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാൻ സര്‍ക്കാര്‍ എത്ര വൈകിപ്പിച്ചു? കോണ്‍ഗ്രസ് എല്ലാകാലത്തും അതിജീവിതക്കൊപ്പമാണെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. ഇപ്പോള്‍ വന്ന കോടതി വിധി തൃപ്തികരമല്ല. പ്രോസിക്യൂഷൻ ഗൂഢാലോചന തെളിയിക്കുന്നതിൽ പൂര്‍ണമായും പരാജയപ്പെട്ടു. കേസ് അന്വേഷിച്ച പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ഗൗരവകരമായ വീഴ്ചയാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.അതേസമയം, പി.ടി തോമസിന്‍റെ ശക്തമായ ഇടപെടൽ ഉണ്ടായത് കൊണ്ടാണ് കേസിൽ ഇങ്ങനെയൊരു വിധിയെങ്കിലും ഉണ്ടായതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. നടിയെ ആക്രമിച്ച കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് ആശ്വാസമെന്നും പി ടി തോമസിനെ ഈ നിമിഷം പ്രത്യേകം ഓർക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കേസ് തന്നെ ഇല്ലാതായിപോയേനെ എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.



