നടിയെ ആക്രമിച്ച കേസ്; അതിജീവിത വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്ത്

നടിയെ ആക്രമിച്ച കേസിൽ നിർണായ വിവരങ്ങൾ പുറത്ത്. ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയിൽ നൽകിയ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും, ഈ വിരോധം 2012 മുതൽ തുടങ്ങിയതാണെന്നും, മഞ്ജുവുമായുളള ദിലീപിന്റെ വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്നും അതിജീവിത പറയുന്നു. ദിലീപിന് തന്നോട് വൈരാഗ്യമായിരുന്നുവെന്നും, കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം താനാണ് മഞ്ജുവിനോട് പറഞ്ഞതെന്നുമാണ് ദിലീപ് പറഞ്ഞത്.
2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താൻ മറുപടി നൽകി. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു എന്നുമാണ് അതിജീവിതയുടെ മൊഴി. കൂടാതെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചിരുന്നില്ലെന്നും ദിലീപുമായുളള പ്രശ്നം പറഞ്ഞുതീർക്കണമെന്ന് സിനിമാ മേഖലയിലുളള പലരും തന്നോട് പറഞ്ഞിരുന്നു എന്നും അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.



