പെൺവാണിഭ സംഘം നടത്തിയ നടി അറസ്റ്റിൽ.. 2 സീരിയൽ നടിമാരെ രക്ഷിച്ചു..
സിനിമയിൽ അവസരം തേടുന്ന നടിമാരെ പെൺവാണിഭ സംഘത്തിൽ എത്തിച്ചതിന് നടിയെ അറസ്റ്റ് ചെയ്തു. അനുഷ്‌ക മോണി മോഹൻ ദാസ് എന്ന നടിയെയാണ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം ഇടപാടുകാരെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. കശ്മീരയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിലുള്ള ഒരു മാളിൽ വെച്ച് കാണാൻ നടി ഇവരോട് ആവശ്യപ്പെട്ടു.
‘ഇടപാടുകാരെന്ന വ്യാജേന എത്തിയവരിൽനിന്ന് പണം വാങ്ങുന്നതിനിടെ പോലീസ് സംഘം സ്ഥലത്ത് റെയ്ഡ് നടത്തി പ്രതിയെ കയ്യോടെ പിടികൂടി. ടിവി സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായ രണ്ട് സ്ത്രീകളെ ഞങ്ങൾ രക്ഷപ്പെടുത്തി’ അസിസ്റ്റന്റ് കമ്മീഷണർ മദൻ ബല്ലാൽ പറഞ്ഞു.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 143(3) വകുപ്പും, ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്റ്റും (PITA) ചുമത്തി ദാസിനെതിരെ കേസെടുത്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ സ്ത്രീകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥൻ അറിയിച്ചു.
‘കുറ്റകൃത്യത്തിന്റെ പൂർണ്ണ വ്യാപ്തി കണ്ടെത്താനും മറ്റ് കൂട്ടുപ്രതികളുണ്ടോ എന്ന് തിരിച്ചറിയാനും അന്വേഷണം പുരോഗമിക്കുകയാണ്,’ എസിപി ബല്ലാൽ കൂട്ടിച്ചേർത്തു.