പിറന്നാൾ ആഘോഷം കഴിഞ്ഞു മടങ്ങവേ ആക്രമണം… പരിക്കേറ്റ കുട്ടികളിൽ നടൻ സന്തോഷ് കീഴാറ്റൂറിന്റെ മകനും… മർദിച്ചയാളുടെ ചിത്രം…

നടൻ സന്തോഷ് കീഴാറ്റൂറിന്റെ മകൻ യദു സാന്തിനെയും കൂട്ടുകാരേയും ക്രൂരമായി മർദിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൂട്ടുകാരന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ആൺകുട്ടികളെയാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്. തൃച്ചംബരം ചിന്മയ സ്‌കൂൾ പരിസരത്തുവെച്ചാണ് സംഭവം. പരിക്കേറ്റ കുട്ടികൾ തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

മകനെ ഹെൽമറ്റുകൊണ്ട് മർദിച്ചുവെന്ന് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സന്തോഷ് കീഴാറ്റൂർ ആരോപിച്ചു. മകന്റെ കൂട്ടുകാരെ ക്രൂരമായി തല്ലിയെന്നും അദ്ദേഹം ആരോപിച്ചു. സന്തോഷ് കീഴാറ്റൂർ പോലീസിൽ പരാതി നൽകി. മകനെ ഹെൽമറ്റുകൊണ്ട് മർദിച്ചയാളുടെ ചിത്രം സന്തോഷ് കീഴാറ്റൂർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

സന്തോഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എന്തൊരു ഭയാനകമായ രാത്രി. ഉറങ്ങാൻ പറ്റുന്നില്ല. ആൺകുട്ടികൾ പോലും സുരക്ഷിതരല്ല. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോ? ഓർക്കാൻ വയ്യ. പല സന്ദർഭങ്ങളിലും എന്നെക്കാൾ കരുത്തോടെ പെരുമാറിയ ഉണ്ണി, അച്ചാ എന്നെ ഹെൽമെറ്റ് കൊണ്ട് അടിച്ചു. കൂട്ടുകാരെയും പൊതിരെ തല്ലി, ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോൾ ഞാനും ഏട്ടനും ആദുവും ഓടുകയായിരുന്നു. അല്ല പറക്കുകയായിരുന്നു.

സ്‌കൂളിന്റെ മുന്നിൽ എത്തിയപ്പോൾ ഒരു വലിയ ജനകൂട്ടം. പേടിച്ച് വിറച്ച് കുട്ടികൾ ഒരു വീട്ടിൽ കഴിയുകയായിരുന്നു. അതും രണ്ട് ദിവസം മുമ്പ് ഇതേ സ്‌കൂളിൽ വെച്ചാണ് 50-ൽ പരം ആൾക്കാർ പങ്കെടുത്ത കളക്ടർ അടക്കം ഭാഗമായ വലിയൊരു സാംസ്‌കാരിക പ്രവർത്തനത്തിന്റെ ഭാഗമായി അഭിനയ പരിശീലന ക്യാമ്പ് യദു സാന്ത് കോർഡിനേറ്റ് ചെയ്തത്. ആ സാംസ്‌കാരിക പരിപാടിയിൽ തിരിഞ്ഞു നോക്കാത്ത മനുഷ്യത്വം ഇല്ലാത്തവരാണ് ചെറിയ മക്കളെ തല്ലി ചതച്ചത്.

കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാമിഷൻ സ്‌കൂളിന് മുന്നിൽ വെച്ച് ഒരു കാരണവും ഇല്ലാതെ എന്റെ മോൻ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകൾ മാരകമായി ആക്രമിക്കുകയായിരുന്നു. 17 വയസ്സുള ചെറിയ മക്കളെ തല്ലി ചതച്ച തൃച്ചംബരത്തെ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക. കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെ, നിങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും.

ഈ ഫോട്ടോയിൽ കാണുന്നവനാണ് കുട്ടികളെ ഹെൽമെറ്റ് കൊണ്ട് അടിച്ചത്. ഈ തെണ്ടിയെ ഉടൻ അറസ്റ്റ് ചെയ്യുക. ഇനിയും കുറെ എണ്ണം ഉണ്ട്. പൊക്കും എല്ലാത്തിനെയും.

Related Articles

Back to top button