നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം…പ്രതി കസ്റ്റഡിയിൽ…
മുബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതി. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ലീലാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു.
നടനെ ആക്രമിച്ച സംഭവത്തിൽ ഒരാളെ കൂടി മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. സെയ്ഫ് അലി ഖാന്‍റെ വീട്ടിൽ മരപ്പണിക്കാരനായി ജോലി ചെയ്ത കരാറുകാരനെയാണ് പിടികൂടിയത്. ആക്രമണം നടക്കുന്നതിന്‍റെ ഒരു ദിവസം മുമ്പ് തന്‍റെ ഭര്‍ത്താവ് നാലു പേരുമായി സെയ്ഫ് അലി ഖാന്‍റെ വീട്ടിൽ പോയിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി നൽകിയിരുന്നു. അന്ന് തന്നെ മരപ്പണ തുടങ്ങിയെന്നും മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരാറുകാരനെ പിടികൂടിയത്. ഇയാളുടെ കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി. നേരത്തെ നടൻ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിയ സംഭവത്തിൽ ഒരാളെ മുബൈ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ പ്രതിയെ പിടിക്കാന്‍ മുംബൈ പൊലീസ് 20 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. പ്രതിയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ രണ്ടു പേര്‍ക്കും ആക്രമണത്തിൽ പങ്കുണ്ടോയെന്ന കാര്യത്തിലും കുറ്റകൃത്യം നടത്തിയതെങ്ങനെ എന്നത് സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. രണ്ടു പേര്‍ കസ്റ്റഡിയിലായെന്ന വിവരം മാത്രമാണ് പൊലീസ് നൽകുന്നത്