മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ അമാൻ നവോദയ അന്തരിച്ചു

മലയാള സിനിമയുടെ ആദ്യകാലത്തെ ബഹുമുഖ പ്രതിഭകളിൽ ഒരാളായ അമാൻ നവോദയ അന്തരിച്ചു. 82 വയസായിരുന്നു. ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിലെ വസതിയിലായിരുന്നു അന്ത്യം. നടൻ, കലാസംവിധായകൻ, നിശ്ചലഛായാഗ്രാഹകൻ, മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രാലങ്കാര വിദഗ്ധൻ തുടങ്ങി സിനിമയുടെ പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

ഉദയാ, നവോദയ സ്റ്റുഡിയോകളുടെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അമാൻ. വിവാഹചടങ്ങിൽ പടമെടുക്കാൻ എത്തിയപ്പോഴാണ് ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയെ പരിചയപ്പെടുന്നത്. തുടർന്ന് ഉദയാ സ്റ്റുഡിയോയിൽ മേക്കപ്പ്മാന്റെ സഹായിയായി പ്രവർത്തനം ആരംഭിച്ചു. തിരക്കഥ പകർത്തിയെഴുതുന്നതുൾപ്പെടെ സിനിമയുടെ വിവിധ മേഖലകളിൽ ആദ്യകാലത്ത് പ്രവർത്തിച്ചു.

കുഞ്ചാക്കോയുടെ മരണശേഷം അപ്പച്ചൻ നവോദയ സ്റ്റുഡിയോ ആരംഭിച്ചപ്പോൾ അമാനും ഒപ്പം ചേർന്നു. മലയാള സിനിമയിലെ സുപ്രധാന ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്കായി നടൻ മോഹൻലാലിനെ കണ്ടെത്തിയ അഭിമുഖ സംഘത്തിൽ സിബി മലയിൽ, ജിജോ പുന്നൂസ്, ഫാസിൽ എന്നിവർക്കൊപ്പം അമാനും പങ്കാളിയായിരുന്നു.

ആലപ്പുഴ ലജ്‌നത്തുൽ വാർഡിലെ ഫാത്തിമ കോട്ടേജിലായിരുന്നു താമസം. ഭാര്യ ഹലീമ ബീവി. മക്കൾ: സിറാജ് അമാൻ (ആർട്ട് ഡയറക്ടർ), അജീബ് അമാൻ (ബിസിനസ്), ഹലീന അമാൻ (അധ്യാപിക).

മലയാള സിനിമയുടെ പിന്നണിയിലും മുൻപന്തിയിലും ഒരുപോലെ തന്റേതായ സാന്നിധ്യം ഉറപ്പിച്ച അമാൻ നവോദയയുടെ സംഭാവനകൾ സിനിമാപ്രേമികളുടെ ഓർമ്മയിൽ നിലനിൽക്കും.

Related Articles

Back to top button