എറണാകുളം വൈറ്റിലയിലെ ഗതാഗതകുരുക്കഴിക്കാൻ നടപടി….
എറണാകുളം: എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്കഴിക്കാൻ നടപടിയുമായി ഗതാഗത മന്ത്രി.ആദ്യഘട്ടമെന്ന നിലയിൽ തൃപ്പൂണിത്തുറ മുതൽ വൈറ്റില വരെയുള്ള ഗതാഗത തടസത്തിന് പരിഹാരമായി സിംഗിൾ ലൈൻ സംവിധാനം ഒരുക്കും. വൈറ്റില പാലത്തിന് താഴെയുള്ള മീഡിയനുകൾ മുറിച്ചു മാറ്റി റോഡിന് വീതി കൂട്ടുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.
ഇടപ്പള്ളിയിലും കളമശ്ശേരിയിലും നെടുമ്പാശ്ശേരിയിലും വിജയിച്ച പരിഷ്ക്കരണങ്ങളുടെ ആത്മവിശ്വാസത്തിലാണ് കൊച്ചിക്ക് തീരാ കുരുക്കായ വൈറ്റിലെ ജംഗ്ഷനിൽ പരിഷ്ക്കരണത്തിന് മന്ത്രി ഇറങ്ങിപ്പുറപ്പെടുന്നത്. അഴിച്ചാലും അഴിച്ചാലും തീരാത്ത വൈറ്റിലയിലെ കരുക്കിന് പരിഹാരം കാണാൻ ആദ്യ ഘട്ടത്തിൽ ഒറ്റവരി പാത ഒരുക്കും. കടവന്ത്രയിൽ നിന്ന് വൈറ്റിലയിലേക്കും തൈക്കൂടത്തു നിന്ന് വൈറ്റിലയിലേക്കുമാണ് ഒറ്റ വരി പാത. പാലാരിവട്ടം, ഇടപ്പള്ളി ഭാഗത്തേക്ക് ഫ്രീ ലെഫ്റ്റ് നൽകി ഗതാഗത സംവിധാനം പരിഷ്ക്കരിക്കും. ഗതാഗത കുരുക്ക് ഒഴിവാകുന്നതിനായി ഡിവൈഡറുകളും സ്ഥാപിക്കും.