എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസ് മര്‍ദനത്തില്‍ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുതെന്ന് പരാതിക്കാരി. സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നും മര്‍ദനമേറ്റ ഷൈമോളും ഭര്‍ത്താവ് ബെഞ്ചോയും ആവശ്യപ്പെട്ടു. സസ്പെന്‍ഷന് പിന്നാലെ പ്രതാപചന്ദ്രനെതിരെ പൊലീസിന്‍റെ വകുപ്പ് തല അന്വേഷണവും തുടങ്ങി. ഇതിനിടെ യുവതി മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാൾക്കെതിരെ നടപടിയെടുക്കണം എന്നാണ് ആവശ്യം. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഷൈമോൾ ഹർജി നൽകി. ഇതിൽ വിശദമായ വാദം കേൾക്കാൻ ഹർജി ജനുവരി 17ന് പരിഗണിക്കും.

 എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിവർത്തിയില്ലാതെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. വ്യക്തമായ ദൃശ്യങ്ങള്‍ക്കപ്പുറം പ്രതാപചന്ദ്രനെതിരെ മറ്റൊരു തെളിവ് ആവശ്യമില്ലായിരുന്നു. എന്നാല്‍, സസ്പെന്‍ഷനില്‍ നടപടി ഒതുക്കരുതെന്നാണ് അതിക്രമത്തിന് ഇരയായ കൊച്ചിയിലെ ലോ‍ഡ്ജ് ഉടമ ഷൈമോള്‍ക്കും ഭര്‍ത്താവ് ബെഞ്ചോയ്ക്കും പറയാനുള്ളത്. ഒരു വര്‍ഷത്തിലേറെ അനുഭവിച്ചെന്നും സ്ത്രീയെന്ന നിലയില്‍ അപമാനിതയായെന്നും ഷൈമോള്‍ പറഞ്ഞു.

Related Articles

Back to top button