ഹരിപ്പാട് പാഴ്സൽ ലോറി തടഞ്ഞുനിർത്തി കോടികൾ തട്ടിയ പ്രതികൾ പിടിയിൽ…

ഹരിപ്പാട്: ദേശീയപാതയിൽ രാമപുരത്ത് പാഴ്സൽ ലോറി തടഞ്ഞുനിർത്തി 3.24 കോടി രൂപ കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ. തമിഴ്നാട്ടിലെ തിരുവാളൂർ മടപ്പുറം സ്വദേശി മാരിയപ്പൻ (47), തിരുനല്ലൂർ സെല്ലൂർ സ്വദേശി ഹരികൃഷ്ണൻ (26) എന്നിവരെയാണ് എസ്ഐ ബജിത്ത് ലാൽ നയിച്ച സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ പുതുച്ചേരി കാരക്കലിൽ നിന്ന് ഹരികൃഷ്ണനെയും തമിഴ്നാട്ടിലെ മയിലാടുംപാറ ജില്ലയിലെ തിരുട്ടുഗ്രാമമായ കൊല്ലിടത്ത് നിന്ന് മാരിയപ്പനെയും പൊലീസ് പിടികൂടി. കൊല്ലിടത്ത് മുന്നൂറോളം നാട്ടുകാർ പൊലീസ് വാഹനം തടഞ്ഞ് പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും എസ്ഐ ബജിത്ത് ലാലും സംഘവും ധീരമായി പ്രതിരോധിച്ചു.

ഏകദേശം നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പ്രതികളെ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ ഇവരെ കരിയിലക്കുളങ്ങര സ്റ്റേഷനിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കവർച്ചയുടെ മുഖ്യ സൂത്രധാരനായ സതീഷിന്റെ വശമാണ് കവർന്ന പണമുള്ളതെന്നും ഇത് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പാഴ്സൽ കമ്പനിയിലെ ഡ്രൈവറായ മാരിയപ്പൻ കവർച്ചാസംഘത്തിന് വിവരം ചോർത്തിനൽകി, ഇതിന് അഞ്ച് ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായി ഇയാൾ സമ്മതിച്ചു. ഹരികൃഷ്ണനും അഞ്ച് ലക്ഷവും ചെലവിനായി 70,000 രൂപയും ലഭിച്ചതായി വെളിപ്പെടുത്തി.

നാല് ദിവസം മുമ്പ് പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. അഞ്ഞൂറോളം സി.സി.ടി.വി. ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ജൂൺ 13ന് പുലർച്ചെ 4.30 ന് രാമപുരത്ത് ലോറി തടഞ്ഞാണ് കവർച്ച നടത്തിയത്. സംഘം ആര്യങ്കാവ് വഴി രക്ഷപ്പെട്ടിരുന്നു. നേരത്തെ പ്രതികളായ സുബാഷ്ചന്ദ്ര ബോസ്, തിരുകുമാർ എന്നിവരെ പിടികൂടിയിരുന്നു. കവർച്ച ആസൂത്രണം ചെയ്ത സതീഷ്, ദുരൈ അരസ് എന്നിവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആലപ്പുഴ പൊലീസിന്റെ ധീരമായ ഇടപെടലും കൃത്യമായ അന്വേഷണവുമാണ് ഈ സാഹസിക അറസ്റ്റിന് വഴിയൊരുക്കിയത്.

Related Articles

Back to top button