നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍…
കൊല്ലം : നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച കേസില്‍ പ്രതി പ്രബിന്‍ അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് വമ്പന്‍ മോഷണക്കഥകള്‍. നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ സ്വദേശിയായ പ്രബിന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ മോഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
ഡിസംബര്‍ ഏഴ് ശനിയാഴ്ചയായിരുന്നു അനുശ്രീയുടെ കാര്‍ ഇഞ്ചക്കാട് പേ ആൻറ് പാര്‍ക്കില്‍ നിന്നും മോഷണം പോയത്. മറ്റൊരു വാഹനത്തില്‍ നിന്നും ഇളക്കിയെടുത്ത നമ്പര്‍ പ്ലേറ്റ് ഈ കാറിലേക്ക് മാറ്റിവെച്ചായിരുന്നു പ്രബിന്‍ കാറുമായി കടന്നത്. തിരുവനന്തപുരത്ത് എത്തിയ പ്രതി വെള്ളറട ഭാഗത്തുള്ള കടയില്‍ നിന്നും റബ്ബറും പണവും കവര്‍ന്നു. പിന്നീടും ചില കടകളില്‍ നിന്നും റബ്ബര്‍ മോഷ്ടിച്ച പ്രതി അവ മറ്റു ചിലയിടങ്ങളില്‍ വിറ്റു. 400 കിലോയിലധികം റബ്ബര്‍ ഷീറ്റാണ് ഇയാള്‍ ഇങ്ങനെ വിറ്റത്.
ഈ പണവുമായി കോഴിക്കോടേക്ക് പോകുന്നതിനിടെ കാര്‍ പാലായില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടച്ചു. ഇതേ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് പ്രബിന്‍ അവിടെ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി. ഈ സമയം മുഴുവന്‍ പൊലീസ് ഇയാളെ പിടികൂടാനായി ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും ബൈക്കില്‍ കോഴിക്കോട്ടേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ കൊട്ടാരക്കാരയില്‍ വെച്ച് പ്രബിന്‍ പിടിയിലാവുകയായിരുന്നു.