വാക്കുതർക്കത്തിന് പിന്നാലെ ശാരീരികമായി ഉപദ്രവിച്ചശേഷം കൊന്ന് വൈറ്റില റെയിൽവേ ട്രാക്കിൽ തള്ളി; പ്രതി പിടിയിൽ

എറണാകുളം വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഷാജി എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഇന്ന് ഉച്ചയോടെ പിടിയിലായത്.

ഷാജിയും യുവതിയും നേരത്തേ പരിചയമുണ്ടായിരുന്നു. സംഭവസ്ഥലത്തുവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് യുവതിയെ ശാരീരികമായി ഉപദ്രവിച്ചശേഷം കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളുകയായിരുന്നു. കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളിയതെന്നാണ് പൊലീസ് കരുതുന്നത്.

ഉപയോഗശൂന്യമായ പാളത്തിൽ മൃതദേഹം ഉപേക്ഷിച്ചതാണ് കൊലപാതകവിവരം പുറത്തറിയാൻ ഇടയാക്കിയത്. എറണാകുളം-കോട്ടയം ട്രാക്കിന്റെ സർവീസ് ഇല്ലാതെകിടക്കുന്ന പാളത്തിലാണ് മൃതദേഹം തള്ളിയത്. ഉപയോഗശൂന്യമായ പാളമെന്ന് തിരിച്ചറിയാതെയാവാം പ്രതി മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തവരും.

നേരത്തേ, മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഇവർ തന്നെയാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കിടക്കുന്നതായി കണ്ടത്. സംഭവം ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുനിന്ന് കണ്ടെത്തിയ ഫോണിലെ സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോൺ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തിയത്. റെയിൽവേട്രാക്കിലേക്ക് തല കയറ്റി വെച്ച നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്. മറ്റ് ശരീര ഭാഗങ്ങൾ ട്രാക്കിന് പുറത്തുമായിരുന്നു.

Related Articles

Back to top button