മോഷണ കേസിലെ പ്രതി പിടിയിൽ…
അമ്പലപ്പുഴ : നിരവധി മോഷണ കേസിലെ പ്രതി മോഷ്ടിച്ച ആക്ടീവ സ്കൂട്ടറുമായി പിടിയിൽ. ഹരിപ്പാട് വെള്ളംകുളങ്ങര കുന്നത്തറവടക്കേതിൽ കൊച്ചുചെറുക്കൻ്റെ മകൻ രാജപ്പൻ ( 55) നെ ആണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാർ ൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. വെളുപ്പിന് 18 (തിങ്കൾ) പകൽ ഒരു മണിയോടു കൂടിയാണ് പിടികൂടിയത്. അമ്പലപ്പുഴ സബ്ബ് ഇൻസ്പെക്ടർ ഹനീഷിൻ്റെ നേതൃത്വത്തിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ഇയാൾ രണ്ടുമാസം മുൻപ് ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വിവിധ മോഷണങ്ങളിൽ പിടിക്കപ്പെട്ട് മാവേലിക്കര സബ്ബ് ജയിലിൽ കഴിഞ്ഞുവരവേ ജാമ്യത്തിൽ ഇറങ്ങിയതാണ്. മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിധിയിൽ നിന്നും ഒക്ടോബർ മാസം പതിനാലാം തീയതി മാവേലിക്കര സ്വദേശിനിയായ അജിതാ രവികുമാറിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ മോഷ്ടിച്ച ശേഷം മോഷ്ടിച്ച സ്കൂട്ടറുമായി മോഷണത്തിനായി കറങ്ങി നടക്കവേയാണ് വാഹന പരിശോധനക്കിടെ അമ്പലപ്പുഴ പൊലീസിൻ്റെ പിടിയിലായത്. ഹരിപ്പാട് സ്വദേശിയായ ഇയ്യാൾ കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണ കേസിൽ ജയിലിൽ കഴിഞ്ഞിട്ടുള്ളതാണ്. കണ്ണൂർ ടൗൺ, വളപട്ടണം, ഇരിക്കൂർ, കുറ്റ്യാടി, തളിപ്പറമ്പ്, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിൽ മോഷണത്തിന് കേസുള്ളതായി കൂടുതൽ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി പൊലീസ് പറഞ്ഞു. മോഷണത്തിന് മാവേലിക്കര സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പ്രതിയെ മാവേലിക്കര പൊലീസിന് കൈമാറി.