വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു.. പ്രതിക്ക് 70,000 രൂപ പിഴയും കഠിനതടവും ശിക്ഷ…
മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 23 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷിച്ചു. നെയ്യാർഡാം ചെരിഞ്ചാംകോണം പുലിക്കുഴി മേലെ വീട്ടിൽ ശ്രീരാജ്(23) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 23 മാസംകൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
2022-ലാണ് കേസിന് ആസ്പദമായ സംഭവം. നെയ്യാർഡാം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.



